യു.എൻ സെക്രട്ടറി ജനറലും ബഹ്റൈൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ചക്കിടെ
യു.എൻ സെക്രട്ടറി ജനറലുമായി ബഹ്റൈൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ഹുർമുസ്, ബാബ് അൽ മന്ദബ് കടലിടുക്കുകളിലെ കപ്പൽ ഗതാഗത തടസ്സങ്ങളും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമായി.
മേഖലയിലെ നിലവിലെ സുരക്ഷാ വെല്ലുവിളികൾ, പ്രാദേശിക സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ യു.എൻ രക്ഷാസമിതിയുടെ ഇടപെടലുകൾ, ആഗോള സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള നീക്കങ്ങൾ എന്നിവയും ഇരുനേതാക്കളും അവലോകനം ചെയ്തു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കുള്ള ആശംസകൾ സെക്രട്ടറി ജനറൽ കൈമാറി.
രാജ്യത്തിന്റെ സമഗ്ര വികസനത്തിന് യു.എൻ ഏജൻസികളുമായുള്ള സഹകരണം വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി വ്യക്തമാക്കി. ന്യൂയോർക്കിലെ യു.എന്നിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈയി, കോഓർഡിനേഷൻ ആൻഡ് ഫോളോ-അപ്പ് തലവൻ അംബാസഡർ സഈദ് അബ്ദുൽഖാലിഖ് സഈദ് എന്നിവരും ബഹ്റൈൻ പ്രതിനിധി സംഘത്തോടൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.