ജയിൽപുള്ളികൾക്ക് ആശുപത്രി ശുചിമുറി വഴി മയക്കുമരുന്ന് എത്തിക്കാൻ ശ്രമിച്ചു; ബഹ്റൈനിൽ യുവാവിന് 10 വർഷം തടവും പിഴയും
മനാമ: ജയിലിലെ തടവുകാർക്കായി സൽമാനിയ ആശുപത്രിയിലെ ശുചിമുറികളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് വിതരണം ചെയ്യാൻ ശ്രമിച്ച 36 വയസ്സുള്ള ബഹ്‌റൈൻ പൗരന് ഹൈ ക്രിമിനൽ കോടതി 10 വർഷം തടവും 5,000 ദിനാർ പിഴയും വിധിച്ചു. കൊക്കെയ്ൻ, മെത്ത്, സിന്തറ്റിക് കന്നബിനോയിഡുകൾ എന്നിവ കൈവശം വെച്ചതിനും വിൽപന നടത്തിയതിനുമാണ് ശിക്ഷ. മുൻപും സമാന കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളതിനാലാണ് കടുത്ത ശിക്ഷ ലഭിച്ചത്.
തടവുകാർക്കായി പ്രത്യേക പ്രൊമോഷണൽ വീഡിയോ വരെ നിർമ്മിച്ച് മയക്കുമരുന്ന് വിപണനം നടത്തിയിരുന്നയാളാണ് പോലീസിന്റെ പിടിയിലായത്. "നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ഇവിടെ ലഭ്യമാണ്, ബാക്കി കാര്യം ഞാൻ നോക്കിക്കൊള്ളാം" എന്ന് പ്രതി പറയുന്ന വീഡിയോ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. ചികിത്സക്കായി ആശുപത്രിയിലെത്തുന്ന രണ്ട് തടവുകാർക്ക് കൈമാറുന്നതിനായി ഇയാൾ ആശുപത്രിയിലെ ടോയ്‌ലറ്റുകൾക്ക് പിന്നിൽ എട്ടോളം റോളുകളിലായി വിവിധ തരം മയക്കുമരുന്നുകൾ ഒളിപ്പിക്കുകയായിരുന്നു. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ നിരീക്ഷണമുണ്ടായിരുന്നു പ്രതികൾ.
തടവുകാർ നാഷണൽ ആംബുലൻസിൽ ആശുപത്രിയിലെത്തി ശുചിമുറിയിൽ കയറി തിരികെ വരികയും തുടർന്ന് ചികിത്സ വേണ്ടാ എന്ന് പറഞ്ഞ് മടങ്ങാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ നിന്നും മയക്കുമരുന്ന് ശേഖരം പോലീസ് കണ്ടെടുത്തത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം പബ്ലിക് പ്രോസിക്യൂഷന്റെ വാറന്റോടെ പ്രതിയെ അറസ്റ്റ് ചെയ്തു. സ്വന്തം ആവശ്യത്തിനായി മോർഫിൻ, മെത്ത് എന്നിവ കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.