അവധിക്കാലമെത്തി; യാത്ര ശുഭകരമാകാൻ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ

മനാമ: മധ്യവേനലവധിയാകാറായതോടെ നാട്ടിൽ പോകുന്നതിനുള്ള ഒരുക്കങ്ങളുടെ തിരക്കുകളിലായിരിക്കും പ്രവാസികളിലധികവും. എന്നാൽ യാത്ര ശുഭകരമാകണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ചില കാര്യങ്ങൾ കാലേക്കൂട്ടി ഒരുക്കി വെച്ചാൽ അവസാനനിമിഷത്തിലെ അങ്കലാപ്പ് ഒഴിവാക്കാം. അതിനുവേണ്ടുന്ന കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.

1.പലരുടേയും പാസ്​പോർട്ടുകളും വിസയും മിക്കവാറും തൊഴിലുടമയുടെ കൈവശമായിരിക്കും. പാസ്​പോർട്ട് കാലാവധി കഴി​ഞ്ഞതാണോ എന്ന് ഉറപ്പുവരുത്തണം. വിസ വാലിഡിറ്റിയും ഉറപ്പാക്കണം. കുട്ടികളുടെ പാസ്​പോർട്ടിന് അഞ്ചുവർഷം മാത്രമേ കാലാവധിയുള്ളു എന്ന കാര്യം ശ്രദ്ധിക്കണം. പാസ്​പോർട്ട് പുതുക്കാൻ എംബസ്സിയെ സമീപിച്ചാൽ രണ്ടുമൂന്ന് ആഴ്ച എടുക്കും. അക്കാര്യം പ്രത്യേകം ശ്രദ്ധയിൽ വേണം. ഇന്ത്യയിൽ ചെന്നിട്ടാണ് പാസ്​പോർട്ട് പുതുക്കുന്നതെങ്കിൽ തിരികെയുള്ള യാത്രയിൽ പഴയയും പുതിയതുമായ പാസ്​പോർട്ടുകൾ കരുതണം. തിരികെ വരുന്ന സമയത്തും നിങ്ങളുടെ വിസയുടെ വാലിഡിറ്റി ഉറപ്പുവരുത്തണം.

2.വിമാനത്താവളത്തിൽ കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്തണം. ഗൾഫ് എയർ അടക്കം പല വിമാനക്കമ്പനികളും സീസണിൽ ഓവർബുക്കിംഗ് നടത്തും. സീറ്റിംഗ് കപ്പാസിറ്റിയേക്കാൾ അധികം ടിക്കറ്റുകൾ വിൽക്കും. ആദ്യം ചെല്ലുന്നയാൾക്ക് സീറ്റ് നൽകുകയും ചെയ്യും. വൈകിയെത്തിയാൽ യാത്ര മുടങ്ങും. നഷ്ടപരിഹാരവും അടുത്തദിവസത്തെ വിമാനത്തിൽ ഉറപ്പായ ടിക്കറ്റുമാണ് കമ്പനി നൽകുക.എന്നാൽ അത്യാവശ്യയാത്ര നടത്തേണ്ടവർക്ക് അടുത്ത വിമാനത്തിൽ വേറെ ടിക്കറ്റ് എടുത്ത് പോകേണ്ടിവരും. ആദ്യമെടുത്ത ടിക്കറ്റിന്റെ പണം നഷ്ടപ്പെടുകയും ചെയ്യും.

3.വിമാനക്കമ്പനികൾ അനുവദിച്ച വലുപ്പത്തിലുള്ള ലഗ്ഗേജുകൾ മാത്രമേ കരുതാവൂ. തൂക്കം കൂടാൻ ഇടവരരുത്. അത് സമയം നഷ്ടപ്പെടാൻ ഇടയാക്കും. ചില വിമാനക്കമ്പനികൾ രണ്ട് പെട്ടികൾ മാത്രമേ അനുവദിക്കാറുള്ളു. തൂക്കം കൃത്യമാണെങ്കിലും പെട്ടിയുടെ എണ്ണം കൂടാൻ അവർ അനുവദിക്കില്ല. അത് കൃത്യമായി മനസ്സിലാക്കി വേണം പാക്കിംഗ് നടത്താൻ. അൺഷേപ്പ് ബാഗും പെട്ടിക്കുമുകളിൽ കയറുകെട്ടുന്നതും അനുവദിക്കില്ല. ടി.വി മുതലായ ഗൃഹോപകരണങ്ങൾ കൊണ്ടുപോകുന്നുണ്ടെങ്കിൽ അതിന്റെ സൈസ് ശ്രദ്ധിക്കണം. പല വിമാനക്കമ്പനികളും നിശ്ചിത വലുപ്പത്തിലുള്ള ടി.വി മാത്രമേ കൊണ്ടുപോകാൻ അനുവദിക്കാറുള്ളു.

4.ആഭരണങ്ങളും വില കൂടിയ സാധനങ്ങളും ഹാൻഡ് ബാ​ഗേജിൽതന്നെ കരുതുക. ഹാൻഡ് ബാഗ് ഷോപ്പുകളിലോ ഇരിക്കുന്ന സ്ഥലങ്ങളിലോ വെക്കാതെ കൈയിൽതന്നെ സൂക്ഷിക്കുന്നത് മറവി മൂലമുള്ള നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായകരമാണ്. ബാറ്ററി ചാർജർ ലഗ്ഗേജിൽ വെക്കാതിരിക്കാനും ശ്രദ്ധിക്കുക.

5.ഗർഭിണികളോ മറ്റ് അസുഖങ്ങളുള്ളവരോ യാത്ര ചെയ്യുമ്പോൾ മെഡിക്കൽ റിപ്പോർട്ട് കൈവശം കരുതണം. മരുന്ന്, ഗുളികകൾ തുടങ്ങിയവ കൊണ്ടുവരുന്നുണ്ടെങ്കിൽ പ്രിസ്ക്രിപ്ഷനും ബില്ലും കൈയിൽ കരുതുക.

6.കുട്ടികൾ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ പല വിമാനക്കമ്പനികളും രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യപ്പെടാറുണ്ട്. അത് സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം അത് ലഭ്യമാക്കുക.

7.വിസ, ടിക്കറ്റ് എന്നിവയുടെ പ്രിന്റൗട്ട് എടുത്ത് കൈയിൽ കരുതുന്നതാണ് നല്ലത്. അവിചാരിതമായി ഫോണിന്റെ ചാർജ് തീർന്നുപോയാൽ കുടുങ്ങിയതുതന്നെ. യാ​ത്രക്ക് മുൻപ് ഫോൺ ചാർജുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

8.കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും യാത്രയിൽ മാസ്കും ഗ്ലൗസുമൊക്കെ ധരിക്കുന്നത് സുരക്ഷിത​ത്വം ഉറപ്പുവരുത്തും. സാനിറ്റൈസറും കരുതുക. അത്യാവശ്യത്തിനുള്ള മരുന്നുകൾ ലഗ്ഗേജിൽ വെക്കാതെ കൈയിൽ കരുതുക. ചിലപ്പോൾ വിമാനം വൈകാനും മറ്റും ഇടയുണ്ട്. കണഷ്ഷൻ ​ൈഫ്ലറ്റാണെങ്കിൽ കാലതാമസം ഉണ്ടായേക്കാം. ഈ സാഹചര്യത്തിൽ മരുന്നുകൾ കൈവശമില്ലെങ്കിൽ ബുദ്ധിമുട്ടിലാകും.

9.പാഴ്സലുകൾ നാട്ടിലെത്തിക്കാനായി സുഹൃത്തുക്കളും മറ്റും കൊടുത്തുവിടാറുണ്ട്. എ​ത്ര അടുപ്പമുള്ളവരാണെങ്കിലും സാധനം എന്താണെന്ന് സ്വയം ഉറപ്പുവരുത്തിയതിനുശേഷം മാത്രം സ്വീകരിക്കുക.

10.വിമാനം ലാന്റ് ചെയ്തതിനുശേഷം മാത്രമേ ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാവൂ. പുറത്തിറങ്ങാൻ തിരക്ക് കൂട്ടരുത്. എയർഹോസ്റ്റസുമാരുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതാണ് മാന്യത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.