കോൺസ്റ്റാന്റിൻ പോപോവിച്ച്, മോളി കാൾസൺ
മനാമ: ബഹ്റൈൻ ഹാർബറിൽ 21, 22 വരെ തീയതികളിൽ നടന്ന ഹൈ ഡൈവിങ് വേൾഡ് ചാമ്പ്യൻഷിപ്പിന് സമാപനം. പുരുഷ വിഭാഗത്തിൽ റുമാനിയൻ താരം കോൺസ്റ്റാന്റിൻ പോപോവിച്ചും വനിത വിഭാഗത്തിൽ കനേഡിയൻ താരം മോളി കാൾസണും സ്വർണം നേടി. പുരുഷന്മാർക്ക് 27 മീറ്റർ ഉയരത്തിൽനിന്നും സ്ത്രീകൾക്ക് 20 മീറ്റർ ഉയരത്തിൽ നിന്നുമായിരുന്നു ഡൈവിങ്.
രണ്ടുതവണ ലോക വെള്ളി മെഡൽ ജേതാവായിരുന്നു 25 കാരിയായ മോളി കാൾസൺ. മുൻ ലോക ചാമ്പ്യൻ കൂടിയാണ് 25 കാരനായ കോൺസ്റ്റാന്റിൻ പോപോവിച്ച്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ മെഡലുകൾ വിതരണം ചെയ്തു.
മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ചാമ്പ്യൻഷിപ് നടന്നത്.
ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റിയുടെയും ഇന്റർനാഷനൽ സ്വിമ്മിങ് ഫെഡറേഷന്റെയും ജി.എച്ച്.എഫിന്റെയും സഹകരണത്തോടെ നടക്കുന്ന ഹൈ ഡൈവിങ് വേൾഡ് ചാമ്പ്യൻഷിപ്പിന് ബഹ്റൈൻ ആദ്യമായാണ് ആതിഥേയത്വം വഹിച്ചത്. മത്സരം കാണുന്നതിനായി ബഹ്റൈൻ ഹാർബറിനു അഭിമുഖമായി പാലത്തിൽ പ്ലാറ്റ്ഫോം നിർമിച്ചിരുന്നു.
ആസ്ട്രേലിയ, ബ്രസീൽ, കാനഡ, കൊളംബിയ, ഡെന്മാർക്, ഫ്രാൻസ്, ജർമനി, യുനൈറ്റഡ് കിങ്ഡം, ഇറ്റലി, മെക്സികോ, നെതർലൻഡ്സ്, ന്യൂസിലൻഡ്, റുമാനിയ, സ്വിറ്റ്സർലൻഡ്, യുക്രെയ്ൻ, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. 2025ൽ സിംഗപ്പൂരിൽ നടക്കുന്ന ലോക അക്വാറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള പ്രധാന യോഗ്യതാ മത്സരമാണ് ചാമ്പ്യൻഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.