പുതിയ വീടിന്റെ താക്കോൽദാന ചടങ്ങിൽ നിന്ന്
മനാമ: പത്തനംതിട്ട ജില്ലയിലെ റാന്നി വടശേരിക്കരയിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്) 'ഗുരുകാരുണ്യ സ്പർശം' ജീവകാരുണ്യ പദ്ധതിയിലൂടെ നിർമ്മിച്ചുനൽകിയ പുതിയ വീടിന്റെ താക്കോൽദാനം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. സൊസൈറ്റി കുടുംബാംഗമായ ഷിബുവിനും വിജിക്കും വേണ്ടിയാണ് ഏറ്റവും അർഹതപ്പെട്ട ഈ ഭവനം നിർമ്മിച്ചുനൽകിയത്. വീട് നിർമ്മാണത്തിനായി ഭൂമി വാങ്ങി നൽകാൻ രണ്ട് ജി.എസ്.എസ്. കുടുംബാംഗങ്ങൾ സഹായിക്കുകയും, തുടർന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് 3 കിടപ്പുമുറി സൗകര്യങ്ങളോടുകൂടിയ മനോഹരമായ വീട് നിർമ്മിച്ചു നൽകുകയുമായിരുന്നു.
ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികൾ പുതിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ആത്മീയ ആചാര്യന്മാരായ ബ്രഹ്മശ്രീ ശിവനാരായണ തീർത്ഥ സ്വാമികളും ബ്രഹ്മശ്രീ വീരേശ്വരാനന്ദ സ്വാമികളും ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയും ബഹ്‌റൈൻ ശ്രീനാരായണ സമൂഹത്തിന്റെ രക്ഷാധികാരിയുമായ കെ.ജി. ബാബുരാജൻ ഓൺലൈനിലൂടെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.
ആറ് മാസത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞതായി ചടങ്ങിൽ സംസാരിച്ച ജി.എസ്.എസ്. ചെയർമാൻ സനീഷ് കൂറുമുളിൽ വ്യക്തമാക്കി. ഭംഗിയുള്ള ഈ വീട് കൃത്യസമയത്ത് പൂർത്തിയാക്കി നൽകിയ കരാറുകാരൻ രതീഷ് നായരെ ജി.എസ്.എസ് ചെയർമാൻ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ജനങ്ങളെ ചേർത്തു നിർത്തുവാൻ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ജി.എസ്.എസ് തുടർന്നും നടപ്പാക്കുമെന്ന് ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ അറിയിച്ചു. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ദേവദത്തൻ എ.ഡി. ചടങ്ങിന് നന്ദി പ്രകാശനം ചെയ്തു. ജി.എസ്.എസ് കുടുംബാംഗങ്ങളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.