റിഫാ പാലസിൽ നടന്ന 12ാമത് ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധി സംഘത്തലവന്മാരുമായി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തുന്നു
ആരോഗ്യരംഗത്ത് ജി.സി.സി രാജ്യങ്ങൾ സഹകരണം ശക്തിപ്പെടുത്തണം -സൽമാൻ രാജകുമാരൻ
മനാമ: ജി.സി.സി രാജ്യങ്ങളുടെ പൊതു ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സർവപിന്തുണയും വാഗ്ദാനം ചെയ്ത് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. റിഫാ പാലസിൽ നടന്ന 12ാമത് ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധി സംഘത്തലവന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും പൊതുവായ ലക്ഷ്യങ്ങളും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഉറച്ച അടിത്തറയാണെന്ന് കിരീടാവകാശി പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികളുടെയും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും ലക്ഷ്യങ്ങൾക്കനുസൃതമായാണ് സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ സംവിധാനങ്ങളുടെ വികസനം, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തൽ എന്നിവയിൽ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിൽ യോഗം നിർണായക പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജി.സി.സി നേതാക്കൾ മുന്നോട്ടുവച്ച തീരുമാനങ്ങളും നടപടികളും നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും സംയുക്ത മെഡിക്കൽ അടിയന്തര തയ്യാറെടുപ്പ് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ സഹകരണത്തിന്, കിരീടാവകാശിയും പ്രധാനമന്ത്രിയും നൽകുന്ന പിന്തുണയിൽ പ്രതിനിധി സംഘത്തലവന്മാർ നന്ദി രേഖപ്പെടുത്തി.
ധനകാര്യ-ദേശീയ സാമ്പത്തികകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, ആരോഗ്യ മന്ത്രി ഡോ. ജലീല അൽ സയ്യിദ്, കാബിനറ്റ് കാര്യ മന്ത്രി ഹമദ് അൽ മാലികി തുടങ്ങിയവരും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ജി.സി.സി സുപ്രീം കൗൺസിലിന്റെ 46-ാമത് സമ്മേളനത്തിന്റെ (‘ബഹ്‌റൈൻ ഉച്ചകോടി’) അധ്യക്ഷ പദവി ബഹ്‌റൈൻ വഹിക്കുന്നതിന്റെ ഭാഗമായി രാജ്യമാണ് ഇത്തവണ കമ്മിറ്റി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.