മനുഷ്യക്കടത്ത് തടയാനുള്ള പ്രാദേശിക സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന ഓൺലൈൻ യോഗം
മനുഷ്യക്കടത്തിനെതിരായ സമ്മേളനത്തിന് ബഹ്‌റൈൻ വേദിയാകും
മനാമ: മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പശ്ചിമേഷ്യൻ രാജ്യങ്ങളുടെ സുപ്രധാന പ്രാദേശിക സമ്മേളനത്തിന് അടുത്ത മാസം ബഹ്‌റൈൻ വേദിയാകും. മനാമയിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ)യുടെ ആഭിമുഖ്യത്തിലാണ് മനുഷ്യക്കടത്തിനെതിരെ മധ്യപൂർവദേശത്തെ ഏഴാമത് സർക്കാർ ഫോറം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തിന്റെ തീയതിയും വിശദമായ പരിപാടിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച ഒരുക്കങ്ങൾ എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവും മനുഷ്യക്കടത്തിനെതിരായ ദേശീയ കമ്മിറ്റി ചെയർമാനുമായ നിബ്രാസ് താലിബിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം വിലയിരുത്തി.
മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന മധ്യപൂർവദേശ രാജ്യങ്ങൾ തമ്മിൽ വൈദഗ്ധ്യങ്ങൾ കൈമാറുന്നതിനും വിജയകരമായ പ്രവർത്തനരീതികൾ പങ്കുവെക്കുന്നതിനും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രാദേശിക വേദിയായി ഫോറത്തിന്റെ പങ്ക് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും യോഗത്തിൽ ചർച്ച ചെയ്തതായി എൽ.എം.ആർ.എ പ്രസ്താവനയിൽ അറിയിച്ചു.
തുടർച്ചയായി എട്ടാം വർഷവും മനുഷ്യക്കടത്ത് തടയുന്നതിൽ മുൻപന്തിയിൽ തുടരാൻ ബഹ്റൈന് കഴിഞ്ഞതായി നിബ്രാസ് താലിബ് വ്യക്തമാക്കി. കഴിഞ്ഞ വർഷം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 101 പ്രതികൾ ഉൾപ്പെട്ട 44 കേസുകളാണ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചത്. മനുഷ്യക്കടത്ത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 555 എന്ന ഹോട്ട് ലൈൻ നമ്പർ വഴിയോ 999 എന്ന ഓപറേഷൻ റൂം വഴിയോ 555@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാം.
അതേസമയം, കഴിഞ്ഞ വർഷം കുവൈത്താണ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. മനുഷ്യക്കടത്തിലെ ഇരകളുടെ സംരക്ഷം ഉറപ്പുവരുത്തുന്നതിനും കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ഗൾഫ് രാജ്യങ്ങൾ പ്രത്യേക ദേശീയ നിയമം കൊണ്ടുവന്നിട്ടുണ്ടെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.