മുഹറഖ് നൈറ്റ്സ് ഇത്തവണയും കളറാകും; പൈതൃക ഉത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
മനാമ: ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ മുഹറഖ് നഗരത്തിൽ വർഷംതോറും നടത്തപ്പെടുന്ന സാംസ്കാരിക പൈതൃക ഉത്സവമായ ‘മുഹറഖ് നൈറ്റ്സ്’ ഇത്തവണയും ഗംഭീരമായി ആഘോഷിക്കും. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉത്സവത്തിന്റെ അഞ്ചാം പതിപ്പിനുള്ള ഒരുക്കം ആരംഭിച്ചു.
യുനെസ്കോ ലോക പൈതൃക പട്ടികയിലുള്ള മുഹറഖിലെ 3.5 കിലോമീറ്റർ നീളമുള്ള പേളിങ് പാത്തിലാണ് ഫെസ്റ്റിവൽ അരങ്ങേറുക. ഡിസംബറിൽ നടക്കുന്ന ഉത്സവത്തിനായി മുഹറഖിലെ പൈതൃക പ്രദേശങ്ങളും കെട്ടിടങ്ങളും സജ്ജമാക്കുന്നതിന് രണ്ട് ടെൻഡറുകൾ പുറത്തിറക്കി.
പേളിങ് പാത്ത് വിസിറ്റേഴ്സ് സെന്റർ, ഫക്റൂ ഹൗസ് എന്നിവ ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനായി സജ്ജമാക്കാനാണ് ഒരു ടെൻഡർ. ചരിത്രപരവും വാസ്തുവിദ്യാപരവുമായ പ്രാധാന്യം സംരക്ഷിച്ച് മുഹറഖിലെ അഞ്ച് ചരിത്ര കെട്ടിടങ്ങളുടെ ഭാഗിക പുനരുദ്ധാരണവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ടെൻഡർ. യോഗ്യതയുള്ള ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ, മൾട്ടി ഡിസിപ്ലിനറി ഡിസൈൻ സ്റ്റുഡിയോകൾ, ക്രിയേറ്റീവ് പ്രാക്ടീഷണർമാർ എന്നിവർക്ക് ടെൻഡർ സമർപ്പിക്കാം. സെപ്റ്റംബർ 16നകം ടെൻഡർ സമർപ്പിക്കം. നവംബറിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം.
മുഹറാഖ് നൈറ്റ്സ് ഉത്സവത്തിന്റെ നാലാം പതിപ്പിൽ 800 സംഗീത പരിപാടികളും 560ലധികം കലാ പ്രദർശനങ്ങളും, ഗൈഡഡ് ടൂറുകൾ, ഇന്ററാക്ടീവ് വർക്ക് ഷോപ്പുകൾ എന്നിവയും ഉണ്ടായിരുന്നു. ഈ വർഷം ആദ്യം മുഹറഖിന്റെ സമഗ്ര പുനർവികസന പദ്ധതിയുടെ ഭാഗമായി പേളിങ് പാത്തിലെ രണ്ട് ബഹുനില പാർക്കിങ് സ്ഥലങ്ങൾ പൊളിച്ചു മാറ്റിയിരുന്നു. ബെയ്റ്റ് ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫ ചരിത്ര സ്മാരകത്തിലേക്കുള്ള പ്രവേശനം മികച്ചതാക്കുകയായിരുന്നു ലക്ഷ്യം. ആധുനിക ബഹ്റൈന്റെ സ്ഥാപകനെ അനുസ്മരിക്കാനും ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിനുമായി 2026നെ 'ഈസ അൽ കബീറി'ന്റെ വർഷമായി ഹമദ് രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.