ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മനാമ: 'തണലാണ് പ്രവാചകൻ' പ്രമേയത്തിൽ ഒക്ടോബർ ഒന്നുമുതൽ 31 വരെ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ച് പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കും. പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ച സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് കാമ്പയിനെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മുഹമ്മദ് നബി ലോകത്തിനുമുന്നിൽ സമർപ്പിച്ച വിശ്വമാനവികതയും സാർവലൗകികതയും കൂടുതൽ പ്രസക്തമായ കാലഘട്ടമാണിത്. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും പടർത്തുന്നതിനുപകരം സ്നേഹവും സാഹോദര്യവുമാണ് ഓരോ മനുഷ്യനും പ്രസരിപ്പിക്കേണ്ടത്.
ആശയങ്ങളും ദർശനങ്ങളും മനുഷ്യനന്മക്കും കെട്ടുറപ്പുള്ള സമൂഹനിർമിതിക്കും വേണ്ടിയുള്ളതാകണം. മഹത്തായ മൂല്യങ്ങളുടെ സംസ്ഥാപനത്തിന് വേണ്ടിയാണ് പ്രവാചകൻ എന്നും നിലകൊണ്ടത്.
അദ്ദേഹം ലോകത്തിനുമുന്നിൽ അവതരിപ്പിച്ച ദർശനം ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക പശ്ചാത്തലത്തിലാണ് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കാമ്പയിനുമായി രംഗത്തുവന്നിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
കാമ്പയിൻ പ്രചാരണോദ്ഘാടനം ഒക്ടോബർ ആറിന് വൈകീട്ട് എട്ടിന് സെഗയ്യയിലെ കെ.സി.എ ഹാളിൽ നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഫൈസൽ മഞ്ചേരി കാമ്പയിൻ പ്രമേയം അവതരിപ്പിച്ച് സംസാരിക്കും. കാമ്പയിൻ കാലയളവിൽ സംവാദ സദസ്സുകൾ, സെമിനാറുകൾ, ഗൃഹസമ്പർക്കങ്ങൾ, ടേബിൾടോക്, വനിത ചർച്ച സദസ്സ്, ടീൻസ് സംഗമം, ഇൻസ്റ്റന്റ് ക്വിസ്, പ്രസംഗ മത്സരം, ടീൻസ് മോട്ടിവേഷൻ പരിപാടി, ഏരിയ കുടുംബസംഗമങ്ങൾ, അയൽക്കൂട്ടങ്ങൾ, ഫ്ലാറ്റ് സംഗമങ്ങൾ, എക്സിബിഷൻ, സമാപന സമ്മേളനം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഒക്ടോബർ 28, 29 തീയതികളിൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന എക്സിബിഷനിൽ 30 സ്റ്റാളുണ്ടാകും. 30ന് സമാപന സമ്മേളനത്തിൽ ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാംമത പ്രതിനിധികൾ പങ്കെടുക്കുന്ന സൗഹൃദ സംഗമവുമുണ്ടാകും. കാമ്പയിൻ കാലയളവിൽ 25,000ത്തോളം പേരിലേക്ക് പ്രവാചക സന്ദേശം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കാമ്പയിൻ വിജയിപ്പിക്കുന്നതിന് 11 വകുപ്പുകളിലായി 101 അംഗ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
വാർത്തസമ്മേളനത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽഹഖ്, കാമ്പയിൻ ജനറൽ കൺവീനർ മുഹമ്മദ് മുഹിയിദ്ദീൻ, കൺവീനർ ജാസിർ, സെക്രട്ടറി യൂനുസ് രാജ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.