വി.ആർ.

പളനിസ്വാമി

നാല് പതിറ്റാണ്ടിന്റെ അധ്യാപന ജീവിതം; ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമിക്ക് യാത്രയയപ്പ് ഇന്ന്

മനാമ: ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ഏറ്റവും ദീർഘകാലം സേവനമനുഷ്ഠിച്ച പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ഔദ്യോഗിക പദവിയിൽ നിന്ന് വിരമിക്കുന്നു. ഇന്ന് ഇന്ത്യൻ സ്‌കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ അദ്ദേഹത്തിന് വിപുലമായ യാത്രയയപ്പ് നൽകും. നാല് പതിറ്റാണ്ടിലേറെ നീണ്ട വിദ്യാഭ്യാസ സേവനത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

2001 ജനുവരി ഒന്നിനാണ് വി.ആർ. പളനിസ്വാമി ഇന്ത്യൻ സ്‌കൂളിൽ തന്റെ സേവനം ആരംഭിച്ചത്. ഗണിത വകുപ്പ് മേധാവിയായി എട്ട് വർഷവും, വൈസ് പ്രിൻസിപ്പലായി രണ്ട് വർഷവും സേവനമനുഷ്ഠിച്ച അദ്ദേഹം, കഴിഞ്ഞ പതിനഞ്ച് വർഷമായി പ്രിൻസിപ്പൽ സ്ഥാനത്ത് സ്‌കൂളിനെ നയിച്ചു. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ സമർപ്പിത സേവനങ്ങൾ പരിഗണിച്ച് 2007-ൽ സി.ബി.എസ്.ഇ ദേശീയ അധ്യാപക അവാർഡും 2011-ൽ ഇന്ത്യൻ പ്രസിഡന്റിൽ നിന്നുള്ള അധ്യാപകർക്കുള്ള ദേശീയ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ മികച്ച അധ്യാപകനുള്ള നിരവധി പുരസ്‌കാരങ്ങൾ നേരത്തെ തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്റെ പൂർവ്വ വിദ്യാർത്ഥിയായ പളനിസ്വാമി, ഗണിതശാസ്ത്രത്തിലും ശാസ്ത്ര വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തിൽ എം.ഫിലും നേടിയിട്ടുണ്ട്. ഗണിത പഠനത്തെ കൂടുതൽ ലളിതമാക്കാൻ സി.ബി.എസ്.ഇ പാഠ്യപദ്ധതിക്കായി അദ്ദേഹം രചിച്ച പതിനേഴ് പാഠപുസ്തകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇന്ത്യൻ സ്‌കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ആരംഭിക്കുന്നതിലും സ്‌കൂളിന് യുനെസ്കോ അഫിലിയേഷൻ നേടിയെടുക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. ജെ.ഇ.ഇ, നീറ്റ്, സി.യു.ഇ.ടി തുടങ്ങിയ ദേശീയതല പരീക്ഷകൾ ബഹ്‌റൈനിൽ സുഗമമായി നടത്തുന്നതിനും അദ്ദേഹത്തിന്റെ മേൽനോട്ടം സഹായകമായി. 2025-ൽ ബഹ്‌റൈൻ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ പരിശോധനയിൽ ഇന്ത്യൻ സ്‌കൂളിന് ‘ഗുഡ്’ റേറ്റിംഗ് ലഭിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. ഗൾഫ് മേഖലയിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ ‘സഹോദയ’യുടെ സെക്രട്ടറിയായും ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തമിഴ്‌നാട് ഈറോഡ് ജില്ലയിലെ ഭാഗവതി നഗർ സ്വദേശിയായ അദ്ദേഹം 1983 മുതൽ ചെന്നൈയിൽ സ്ഥിരതാമസമാണ്. ചന്ദ്ര പളനിസ്വാമിയാണ് ഭാര്യ. ഡോ. സന്ദീപ് കുമാർ ഏക മകനാണ്.

Tags:    
News Summary - Four decades of teaching career; Indian School Principal V.R. Palaniswami bids farewell today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.