മനാമ: ഖത്തർ സർക്കാറിനോട് ഏതെങ്കിലും തരത്തിൽ അനുഭാവം പ്രകടിപ്പിക്കുന്ന ബഹ്റൈൻ പൗരന്മാർക്കും താമസക്കാർക്കും അഞ്ചു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിെൻറ പരമാധികാര അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിെൻറ ഭാഗമായാണ് ഇൗ തീരുമാനമെന്ന് അറിയിപ്പിൽ പറയുന്നു. പുതിയ സാഹചര്യത്തിൽ ഖത്തറിനെതിരെ ബഹ്റൈൻ സ്വീകരിച്ച നയനിലപാടുകൾക്ക് എതിരുനിൽക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. ഇത്തരം അഭിപ്രായപ്രകടനങ്ങൾ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ വഴി പാടില്ല.
ഖത്തർ അനുകൂല സന്ദേശങ്ങൾ കുറ്റകരമായി കണക്കാക്കും. നിയമം ലംഘിക്കുന്നവർ ജയിൽ ശിക്ഷക്കുപുറമെ പിഴയും അടക്കേണ്ടി വരും. രാജ്യ സുരക്ഷ ഉറപ്പാക്കാനും സമാധാനം സംരക്ഷിക്കാനും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാനുമാണ് ഇൗ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു. അതിനിടെ, വിവിധ വിഷയങ്ങളിൽ ബഹ്റൈൻ സ്വീകരിച്ചുപോരുന്ന നയനിലപാടുകളുമായി ഒത്തുപോകാൻ രാജ്യത്തെ എല്ലാ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് ഇൻഫർമേഷൻ കാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യതാൽപര്യത്തിന് വിരുദ്ധമായ ഒന്നും പ്രസിദ്ധീകരിക്കാൻ പാടില്ല. ഖത്തർ വിഷയത്തിൽ ബഹ്റൈനും അറബ് സഖ്യരാഷ്ട്രങ്ങളും സ്വീകരിച്ച നിലപാടിന് വിരുദ്ധമായ അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകരുത്. ഖത്തരി നിലപാടുകളെ ഒരു തരത്തിലും ന്യായീകരിച്ചുള്ള ലേഖനങ്ങളോ വാർത്തകളോ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം യു.എ.ഇ. സമാന നിലപാടെടുത്തിരുന്നു. യു.എ.ഇയുടെ മണ്ണിൽനിന്ന് ഖത്തറിനെ അനുകൂലിക്കുകയോ ഇൗ വിഷയത്തിൽ യു.എ.ഇയുടെ നിലപാടിനെ വിമർശിക്കുകയോ ചെയ്താൽ 15 വർഷം വരെ തടവും അഞ്ചു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.