മനാമ: വ്യാജ കമ്പനികളുടെ പേരിൽ വർക്ക് പെർമിറ്റുകൾ സംഘടിപ്പിച്ച കേസിൽ അഞ്ച് പ്രവാസികൾക്ക് ബഹ്‌റൈൻ ലോവർ ക്രിമിനൽ കോടതി 138,000 ദിനാർ പിഴ ചുമത്തി. ഏഷ്യൻ വംശജരെന്ന് അധികൃതർ വിശേഷിപ്പിച്ച പ്രതികളിൽ മൂന്നുപേർക്ക് മൂന്ന് മാസം തടവും ശിക്ഷാ കാലാവധി പൂർത്തിയാക്കിയശേഷം നാടുകടത്തലും കോടതി വിധിച്ചു.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ ) വർക്ക് പെർമിറ്റുകളുടെ സാധുത പരിശോധിക്കാൻ പതിവ് പരിശോധന കാമ്പയിനുകൾ നടത്തുന്നതിനിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരൊറ്റ വിലാസത്തിൽ അമ്പത് വാണിജ്യ രജിസ്‌ട്രേഷനുകൾ (സി.ആർ) കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നീട് രണ്ട് രജിസ്‌ട്രേഷനുകൾ കൂടി കണ്ടെത്തിയതോടെ മൊത്തം 52 വ്യാജ കമ്പനികളാണ് ഇവർ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷനുമായി സഹകരിച്ചാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അറസ്റ്റിലായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യുകയും ഒളിവിലുള്ളവർക്ക് വാറണ്ട് പുറപ്പെടുവിക്കുകയും സാക്ഷിമൊഴികൾ രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് കേസ് ലോവർ ക്രിമിനൽ കോടതിക്ക് കൈമാറിയത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റിലായ മൂന്ന് പേരെ നാടുകടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.