മനാമ: സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ സുരക്ഷ കർശനമായി പരിശോധിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വ്യാജ ഉറവിടങ്ങളിൽ നിന്നുള്ള ആപ്പുകൾ വഴി ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അൽ അമാൻ’ സോഷ്യൽ മീഡിയ പരിപാടിയിൽ സംസാരിക്കവെ ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹറാണ് ഈ നിർണായക വിവരങ്ങൾ പങ്കുവെച്ചത്. ഉപയോക്താക്കളുടെ ഡാറ്റ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹാനികരമായ ആപ്പുകളുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും, ദിവസേന ഏകദേശം 4,50,000ത്തോളം മാൽവെയർ ആപ്പുകൾ നിർമ്മിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കൾ തങ്ങളുടെ ഫോണുകളിലെ ഔദ്യോഗിക ആപ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ബഹ്‌റൈനിൽ അലേർട്ടുകളും നോട്ടിഫിക്കേഷനുകളും നൽകുന്നതായി അവകാശപ്പെട്ട് ഫോൺ മുഴുവനായി ഹാക്ക് ചെയ്യുന്ന ആപ്പുകൾക്കെതിരെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔദ്യോഗിക സിവില്‍ ഡിഫൻസ് സേവനമെന്ന വ്യാജേന പാസ്‌വേഡുകളും ബാങ്കിംഗ് വിവരങ്ങളും മറ്റ് സുപ്രധാന വിവരങ്ങളും ചോർത്തുന്ന വ്യാജ അടിയന്തര അലേർട്ട് ആപ്പായ 'BH Alert' അടുത്തിടെ പ്രചരിച്ചിരുന്നു. സിവിൽ ഡിഫൻസ്, ആഭ്യന്തര മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ഇഗവർൺമെന്റ് അതോറിറ്റി എന്നിവയെ അനുകരിച്ചാണ് ഈ ആപ്പ് ഉപയോക്താക്കളെ കബളിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ മാതൃകയിലുള്ള വ്യാജ വെബ്‌സൈറ്റുകൾ വഴി ഒരു ലക്ഷത്തിലധികം തവണയാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടത്.
സാധാരണ ആപ്പുകൾ നൽകുന്നതിനേക്കാൾ അസ്വാഭാവികമായ അനുമതികൾ ചോദിക്കുന്ന ആപ്പുകളെ വളരെ സൂക്ഷിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഉദാഹരണത്തിന്, ഒരു ഫ്ലാഷ് പ്ലെയർ ആപ്പിന് ഫോണിന്റെ ലൊക്കേഷനോ കോൺടാക്റ്റുകളോ ആവശ്യമില്ല. എന്നാൽ ഇത്തരം അനാവശ്യ അനുമതികൾ ചോദിക്കുന്ന ആപ്പുകൾ ബാങ്ക് അക്കൗണ്ടുകൾ ചോർത്താൻ ഇടയാക്കിയേക്കാം. ഫോൺ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ആവശ്യമില്ലാത്ത ആപ്പുകൾ ഉടൻ നീക്കം ചെയ്യാനും ഔദ്യോഗികവും വിശ്വസനീയവുമായ ആപ്പുകൾ മാത്രം ഉപയോഗിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.