ഫെബ്രുവരി ആദ്യം കേന്ദ്ര ധനകാര്യ മന്ത്രി ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന 2026-27 ലെ ബജറ്റിൽ ഒരു സാധരണ പ്രവാസി എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത്?
ഇന്ത്യൻ വിദേശ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 35 ദശ ലക്ഷത്തിൽ അധികം ഇന്ത്യക്കാരാണ് ഇന്ത്യക്കുപുറത്ത് ജോലി സംബന്ധമായും അല്ലാതെയും കഴിയുന്നത്. ഇതിൽ ഇന്ത്യൻ പ്രവാസികളും ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു. ഇവർ 2024-25 വർഷം ഇന്ത്യയിലേക്കു അയച്ചതാകട്ടെ 135.45 ബില്യൺ അമേരിക്കൻ ഡോളറും. ഇത് ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലാണെന്ന് പറയാം. ഗൾഫ് നാടുകളിൽ ഏകദേശം ഒമ്പതു ദശ ലക്ഷം ഇന്ത്യക്കാർ ഉണ്ട്. ഇതിൽ ഏറെയും സാധാരണ തൊഴിലാളികൾ ആണ്. ഇത്തരക്കാർ അവർക്കു ലഭിക്കുന്ന വേതനത്തിന്റെ സിംഹഭാഗവും നാട്ടിലേക്കു അയക്കുന്നു. ഈ തുക നാട്ടിലെ കുടുംബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നു. ഒപ്പം നാടിന്റെ പുരോഗതിയും.
എന്നാൽ, കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ ബജറ്റുകളിൽ ഇടത്തരം പ്രവാസികളെ സംബന്ധിച്ചിടത്തോളം കാര്യമായ പ്രയോജനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഈ വരാൻ പോകുന്ന ബജറ്റിൽ പ്രധാനമായും താഴെപ്പറയുന്ന കാര്യങ്ങൾ അവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
1. സമഗ്ര സാമൂഹിക സുരക്ഷ പദ്ധതി
പ്രവാസികൾക്കു വേണ്ടി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിയിട്ടുണ്ടെങ്കിലും പല കാരണങ്ങളാൽ അവയൊന്നും തന്നെ യഥാർഥ ബ്ലൂ -കോളറിലേക്ക് എത്തുന്നില്ല എന്നതാണ് വസ്തുത. ഇത് പ്രധാനമായും പ്രവാസിയുടെ അറിവില്ലായ്മയും അപേക്ഷിക്കാനുള്ള സൗകര്യവും ഇല്ലാത്തതു കൊണ്ടാണ്. പ്രവാസ ജീവിതം കഴിഞ്ഞു മടങ്ങി ചെന്നാൽ ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള വായ്പകൾ ഉൾപ്പടെയുള്ള പുനരധിവാസ സംവിധാനങ്ങൾ, പെൻഷൻ, ആരോഗ്യ, ഇൻഷുറൻസ്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം മുതലായവക്കുള്ള ഒരു സമഗ്ര സൂമൂഹിക സുരക്ഷ പദ്ധതി ഒരു കുടക്കീഴിൽ കൊണ്ടുവരണം.
ഇത് നടപ്പാക്കാൻ എല്ലാ രാജ്യങ്ങളിലും ഒരു സംവിധാനമുണ്ടാകണം. ഇത്തരം പദ്ധതികൾ ഡിജിറ്റലൈസ് ചെയ്താൽ പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും. കേരളത്തിന്റെ പ്രവാസി ക്ഷേമനിധി മാതൃക പിന്തുടരാവുന്നതാണ് .
2. നിലവിൽ കേന്ദ്ര സർക്കാറിന് കീഴിലുള്ള പല ദീർഘകാല ചെറു സമ്പാദ്യ പദ്ധതികളിൽ പ്രവാസികൾക്ക് ചേരാൻ കഴിയില്ല. ഇത് വിവേചനപരമാണ്. ഒരു സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം പദ്ധതികൾ, അവർ പ്രവാസം കഴിഞ്ഞു നാട്ടിൽ വരുമ്പോൾ ഏറെ പ്രയോജനമുള്ളവയാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്) പെൺ കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതിയായ സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ), സീനിയൻ സിറ്റിസൺ സേവിങ്സ് സ്കീം (എസ.സി.എസ്.എസ്), സോവറിൻ ഗോൾഡ് ബോണ്ട് എന്നിവ ഉദാഹരണം. എന്നാൽ നാഷനൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്)/ ആർ.ബി.ഐ റീട്ടെയ്ൽ ഡയറക്ട് എന്നിവയിൽ അംഗമാകാൻ അനുവാദമുണ്ട് . സർക്കാർ ഫെമ (ഫെമ) നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഇത്തരം വിവേചനം അവസാനിപ്പിക്കണം.
3. വിമാനക്കുലിക്കൊള്ളയാണ് എല്ലാ പ്രവാസികളെയും ഒരുപോലെ ബാധിച്ചിരിക്കുന്ന മറ്റൊരു പ്രശ്നം. അവധി /ഉത്സവ സീസണുകളിൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനക്കൂലി ഒരു സാധാരണ പ്രവാസിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്, വർഷങ്ങളായി നിരവധി പ്രവാസി അസോസിയേഷനുകൾ നിവേദനം നൽകിയെങ്കിലും ഇനിയും ഇക്കാര്യത്തിൽ അനുകൂല തീരുമാനങ്ങളുണ്ടായിട്ടില്ല.
4. ആദായനികുതിയിലെ വിവേചനം. പ്രവാസികൾക്ക് അവരുടെ നാട്ടിലുള്ളതും /എൻ.ആർ.ഒ അക്കൗണ്ടിലെ വരുമാനത്തിനും 31.2% ടി.ഡി.എസ് (ടി.ഡി.എസ്) പിടിക്കുന്നുണ്ട് .1000 രൂപ വരുമാനത്തിന് 312 രൂപ എന്ന നിരക്കിൽ ടി.ഡി.എസ് പിടിക്കും. ആദായനികുതി ദായകൻ അല്ലെങ്കിലും ഇത്തരം വരുമാനത്തിന് നികുതി പിടിക്കും. നാട്ടിലുള്ളവർക്ക് പല വരുമാനങ്ങൾക്കും 10 ശതമാനം നികുതി പിടിക്കുമ്പോഴാണിത്. പ്രവാസികൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തു ഇത് തിരികെ വാങ്ങണം. നിലവിൽ ഐ.ടി.ആർ-2 എന്ന ഫോം ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഇത് വളരെ ശ്രമകരമായ ഒന്നാണ് . അതുകൊണ്ടു ഐ.ടി.ആർ-1 പോലുള്ള ലളിതമായ ആദായനികുതി ഫോമുകൾ ലഭ്യമാക്കണം. നാട്ടിലുള്ളവർക്ക് 12 ലക്ഷം വരുമാനത്തിന് നികുതി ബാധകമല്ലാത്തപ്പോൾ പ്രവാസിക്ക് ഇത് നാല് ലക്ഷമാണ്. അതുപോലെ തന്നെ കാപിറ്റൽ ഗെയിൻ നികുതി തുടങ്ങി നിരവധി കാര്യങ്ങളിലുള്ള വിവേചനം ഒഴിവാക്കേണ്ടതാണ്.
മുകളിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ പ്രധാനപ്പെട്ടവയിൽ ചിലതു മാത്രമാണ്. ഇത്തരം ഇടത്തരം പ്രവാസികൾ അവർക്കു കിട്ടുന്ന വരുമാനം മിക്കവാറും നാട്ടിലേക്കു അയക്കുന്നു. ഇത് നാട്ടിലെ കൺസ്യൂമർ ഉൽപന്നങ്ങൾ തുടങ്ങി നിരവധി വാണിജ്യ വ്യവസായ സംരംഭങ്ങൾക്ക് സഹായകമാകുന്നുണ്ട്. ഒപ്പം കേന്ദ്ര സർക്കാറിന് വിലപ്പെട്ട വിദേശ നാണ്യ ശേഖരത്തിൽ പങ്കാളികളാവാൻ കഴിയുന്നു. അതുകൊണ്ടു ഇത്തരക്കാരുടെ നിരന്തര ആവശ്യങ്ങൾ പരിഗണിക്കപ്പെടേണ്ടതതുണ്ട്. നിക്ഷേപങ്ങളിലും, നികുതിയിനത്തിലും ഇളവുകൾ അനുവദിച്ചാൽ ധാരാളം വിദേശ ഇന്ത്യക്കാരുടെ വൻകിട വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വരും. ഇത് ഇന്ത്യയുടെ സമഗ്ര പുരോഗതിക്കു സഹായിക്കും.
(തുടരും)
(ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.