'പാതാളരാജൻ' അണിയറ പ്രവർത്തകർ
മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളി കൂട്ടായ്മയായ സി.എൻ.സി. മീഡിയയുടെ പ്രഥമ സംരംഭമായി പുറത്തിറങ്ങിയ ഓണപ്പാട്ട് "പാതാളരാജൻ" സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വേറിട്ട സംഗീതവും മനോഹരമായ നൃത്തവും കോർത്തിണക്കി തയ്യാറാക്കിയ ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. ക്യാമറ കട്ട് ചെയ്യാതെ പൂർണ്ണമായും 'സിംഗിൾ ഷോട്ടിൽ' ചിത്രീകരിച്ചു എന്നതാണ് ഈ ഓണപ്പാട്ടിന്റെ ഏറ്റവും വലിയ സവിശേഷത. സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ ദൃശ്യാവിഷ്കാരം ഹാരീസ് ഇക്കാച്ചു ആണ് ക്യാമറയിൽ പകർത്തിയത്.
ശ്രീജിത്ത് ശ്രീകുമാർ രചിച്ച വരികൾക്ക് ഷിബിൻ പി. സിദ്ധിഖ് ഈണം പകർന്ന് ആലാപനം നിർവ്വഹിച്ചിരിക്കുന്നു. ജ്യോതി മാസ്റ്ററുടെ കൊറിയോഗ്രാഫിയിൽ ഒരു കൂട്ടം കലാകാരന്മാരാണ് ഗാനത്തിന് ചടുലമായ ചുവടുകൾ വെച്ചത്.
ജോലിത്തിരക്കുകൾക്കിടയിലും ബഹ്റൈനിലെ കഠിനമായ ചൂടിനെ അവഗണിച്ച് നാട്ടിലെ ഓണത്തിന്റെ ഗൃഹാതുരത്വം നെഞ്ചിലേറ്റിയാണ് അൻപതോളം വരുന്ന പ്രവാസി കലാകാരന്മാർ ഈ കലാസൃഷ്ടിക്കായി ഒന്നിച്ചത്.
രഞ്ജു റാൻഷ്, അസർ സിയ, ഗ്രീഷ്മ, ഷൈമ, അഷിത ഹാരിസ്, വിദ്യ വൈശാഖ്, വൈശാഖ്, പ്രേംജി, ജുനൈബ്, ശാലിനി, അനീഷ്, നിജ, ശ്രീജിൻ, ഇമ, പ്രസാദ്, നിവേദ്യ, നിഹാര, അശ്വതി, ഫാസിൽ, ശ്രീജിത്ത് ശ്രീകുമാർ, ശ്രീലക്ഷ്മി, ഹൈസാൻ അമൻ, ഹൈസ അമാൽ, ദേവനക്ഷത്ര, ഷിബിന, നിത്യ, അച്ചു എസ് കുമാർ, കാർത്തികേയൻ തുടങ്ങി വലിയൊരു സംഘം കലാകാരന്മാരുടെ അക്ഷീണ പ്രയത്നമാണ് ഇതിന് പിന്നിൽ. വ്യത്യസ്തമായ ഈ സംഗീത ആൽബത്തിന് സോഷ്യൽ മീഡിയയിലും പ്രവാസി മലയാളി കൂട്ടായ്മകൾക്കിടയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.