ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച പിള്ളേരോണം
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ശ്രാവണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പിള്ളേരോണം' പ്രവാസികൾക്ക് കൗതുകമായി.
കേരളത്തിലെ ഓണാട്ടുകര പ്രദേശങ്ങളിൽ പഴയകാലം മുതൽ നിലവിലുണ്ടായിരുന്ന പിള്ളേരോണത്തിന്റെ ഓർമകളുണർത്തിയാണ് ആഘോഷം സംഘടിപ്പിച്ചത്. 500ൽ പരം കുട്ടികളും അവരുടെ മാതാപിതാക്കളും അടങ്ങുന്ന വലിയ ജനാവലിയാണ് പരിപാടിയിൽ പങ്കെടുത്തത്.
സ്കിറ്റുകൾ, നൃത്തങ്ങൾ, വിവിധ കളികൾ, വടംവലി, പുലികളി എന്നിവയിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു. സമ്മർ ക്യാമ്പിലെ കുട്ടികൾ ഓണത്തെ അടിസ്ഥാനമാക്കി സ്കിറ്റ് അവതരിപ്പിച്ചു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും വമ്പിച്ച സാന്നിധ്യം സമാജം ഓണാഘോഷ പരിപാടികൾ ബഹ്റൈൻ മലയാളികൾ ഏറ്റെടുത്തതിന്റെ തെളിവാണെന്ന് പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
മുൻ വർഷങ്ങളേക്കാൾ മികച്ച ഓണാഘോഷ പരിപാടികളാണ് ഇത്തവണ സമാജം സംഘടിപ്പിക്കുന്നതെന്നും നിരവധി പ്രമുഖ കലാകാരന്മാരുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നും ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു. ഹരീഷ് മേനോൻ, ഷൈൻ സൂസൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
കലാ വിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, പിള്ളേരോണം കൺവീനർ രാജേഷ് ചേരാവള്ളി, ശ്രാവണം കൺവീനർ ശങ്കർ പല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.