പ്രവാസി ലീഗൽ സെൽ ‘പ്രവാസി മീറ്റ്-2025’ൽനിന്ന്
മനാമ: ‘ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം: നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികൾ’ എന്ന വിഷയം മുഖ്യ പ്രമേയമായി എടുത്തുകൊണ്ട് പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ ‘പ്രവാസി മീറ്റ്-2025’ ജൂൺ 28ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടന്നു.
യോഗം തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് മേജർ ശശാങ്ക് ത്രിവേദി ഉദ്ഘാടനം ചെയ്തു. വിദേശങ്ങളിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന പ്രവാസിമലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റെ ഓഫിസ് പ്രതിജ്ഞാബദ്ധമാണെന്നും പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തിരുവനന്തപുരം ജില്ല ലീഗൽ സർവിസസ് അതോറിറ്റി മെംബർ സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. ഷംനാദ് മുഖ്യപ്രഭാഷണം നടത്തി. പുതിയകാലത്തെ മലയാളി കുടിയേറ്റത്തിന്റെ പൊള്ളത്തരങ്ങളെപ്പറ്റിയാണ് ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ പ്രമുഖ കുടിയേറ്റ പഠന വിദഗ്ധൻ പ്രഫ. ഇരുദയരാജൻ പറഞ്ഞത്. കടംവാങ്ങി വിറ്റുപെറുക്കിയ തുകകൊണ്ട് വിദേശത്ത് പോവുകയും വിദേശത്തുനിന്നും കടം വാങ്ങി നാട്ടിലയക്കുകയും ചെയ്യുന്ന വിഷമവൃത്തമാണ് സമകാലിക മലയാളി കുടിയേറ്റത്തിന്റെ സവിശേഷതയെന്ന് അദ്ദേഹം പരിഹസിച്ചു.
ചടങ്ങിൽ പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററിന്റെ പ്രസിഡന്റും മുൻ ജില്ല ജഡ്ജിയും കേരള ലീഗൽ സർവിസ് അതോറിറ്റിയുടെ മെംബർ സെക്രട്ടറിയും മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സനുമായ പി. മോഹനദാസ് അധ്യക്ഷതവഹിച്ചു. നിലവിൽ ലീഗൽ സർവിസ് അതോറിറ്റിയുടെ സേവനങ്ങളുടെ പരിധിയിൽനിന്നും 60 വയസ്സിന് താഴെയുള്ള പ്രവാസി പുരുഷന്മാരെ ഒഴിവാക്കിയിട്ടുണ്ടെങ്കിൽപോലും അവരുടെ നാട്ടിലുള്ള ബന്ധുക്കളായ സ്ത്രീകൾ വഴി വിഷയങ്ങൾ ലീഗൽ സർവിസ് അതോറിറ്റിയുടെ ഇടപെടൽ സാധ്യമാക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന പാനൽ ചർച്ചയിലും ഓപൺ ഫോറത്തിലും പ്രവാസികൾ തങ്ങളുടെ വിവിധങ്ങളായ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റായ അഡ്വ. ജോസ് എബ്രഹാം മോഡറേറ്ററായിരുന്നു. വിശദമായ പഠനങ്ങൾക്കുശേഷം കൃത്യമായ ഉപദേശം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികളായ മേജർ ശശാങ്ക് ത്രിവേദി, പി. മോഹനദാസ്, എസ്. ഷംനാദ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാന മനുഷ്യാവകാശ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത്, സാമൂഹിക പ്രവർത്തക ഷീബ രാമചന്ദ്രൻ, ബഷീർ പാണ്ടിക്കാട് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ പ്രവാസി ലീഗൽ സെല്ലിന്റെ സൗദി ചാപ്റ്റർ ഉദ്ഘാടനം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം നിർവഹിച്ചു. സൗദി കോഓഡിനേറ്ററായ പീറ്റർ അബ്രഹാം ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
പ്രവാസി ലീഗൽ സെല്ലിന്റെ 2009 മുതൽ 2025 വരെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണമടങ്ങിയ ബുക്ക് ലെറ്റിന്റെ പ്രകാശനം ഭരണസമിതി അംഗം ജിഹാൻഗിർ നിർവഹിച്ചു.
പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡന്റ് പി. മോഹനദാസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.ആർ. മുരളീധരൻ സ്വാഗതവും ട്രഷറർ തൽഹത്ത് പൂവച്ചൽ നന്ദിയും പറഞ്ഞു.
പി.എൽ.സി ഇടുക്കി കോഓഡിനേറ്റർ ആയ ബെന്നി പെരികിലത്ത് അവതാരകനായിരുന്നു. അനിൽ കുമാർ (അനിൽ അളകാപുരി), ശ്രീകുമാർ, തൽഹത്ത് പൂവച്ചൽ, ബഷീർ ചേർത്തല, നന്ദഗോപകുമാർ, നിയാസ് പൂജപ്പുര, ഷെരിഫ് കൊട്ടാരക്കര ബഷീർ പാണ്ടിക്കാട്, ജിഹാൻഗിർ, രാധാകൃഷ്ണൻ തൃശൂർ, നൗഷാദ് തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.