മനാമ: ബഹ്റൈനിൽ ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളുടെ വിൽപനയും വിതരണവും നിരോധിക്കാനുള്ള പുതിയ നിയമത്തിന് ആവശ്യം ശക്തമാക്കാനൊരുങ്ങി എം.പിമാർ. യുവാക്കളെയും കുട്ടികളെയും ഈ ഉൽപന്നങ്ങളുടെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുക ലക്ഷ്യമിട്ടാണിതെന്ന് എം.പി ജലാൽ കാസിം അൽ മഹ്ഫൂദ് വെളിപ്പെടുത്തി. അടുത്ത പാർലമെൻറ് സെഷനിൽ ഈ കരട് നിയമം ചർച്ച ചെയ്യും.വർധിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ, പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും ഈ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങളെ ഇത് അഭിസംബോധന ചെയ്യും. ആകർഷകമായ ഫ്ലേവറുകളും സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളും ഈ ഉൽപന്നങ്ങളെ യുവാക്കൾക്കിടയിൽ വളരെ പ്രചാരമുള്ളതാക്കി മാറ്റിയെന്നും പരമ്പരാഗത സിഗരറ്റുകൾക്ക് സുരക്ഷിതമായ ബദലാണിതെന്ന തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും അൽ-മഹ്ഫൂദ് ചൂണ്ടിക്കാട്ടി.
മറ്റ് പല രാജ്യങ്ങളെയും പോലെ ബഹ്റൈനിലും കൗമാരക്കാർക്കിടയിൽ ഇത്തരത്തിലുള്ള ലഹരി ഉപയോഗം കുത്തനെ വർധിച്ചു. ഇത് രക്ഷിതാക്കൾക്കും വിദഗ്ധർക്കുമിടയിൽ ഗുരുതരമായ ആരോഗ്യ-സാമൂഹിക ആശങ്കകൾ ഉയർത്തുന്നുണ്ട്.ഇ-ഷീഷകളിൽ ശ്വാസകോശത്തിനും പ്രതിരോധശേഷിക്കും ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അൽ-മഹ്ഫൂദ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് വളർന്നുവരുന്ന കുട്ടികളുടെ ശരീരത്തിൽ ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇ-സിഗരറ്റുകളുടെ വിൽപന നിരോധിക്കുകയും കർശനമായി നിരീക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അൽ-മഹ്ഫൂദ് ഊന്നിപ്പറഞ്ഞു.
മറ്റ് രാജ്യങ്ങളിൽ നിലനിൽക്കുന്ന ഇ-സിഗരറ്റ് നിരോധനങ്ങളിൽനിന്ന് മാർഗങ്ങൾ പഠിക്കാനും അദ്ദേഹം നിർദേശിച്ചുനിയമനിർമാണ നടപടികൾക്കുപുറമെ, ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളുടെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ആരോഗ്യ അധികാരികളോടും സ്കൂളുകളോടും എം.പി അഭ്യർഥിച്ചു.പ്രതിരോധം ആരംഭിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയും കുടുംബത്തിൽ നിന്നുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓൺലൈൻ പ്രചാരണം നിരോധിക്കുക, വിൽപന കേന്ദ്രങ്ങൾ നിയന്ത്രിക്കുക, യുവാക്കളെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ ആരംഭിക്കുക എന്നിവയുൾപ്പെടെയുള്ള കർശനമായ നിയമങ്ങൾക്കായി സിവിൽ സൊസൈറ്റി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.