കേരളത്തിൽ ഏതാണ്ട് എല്ലാ പാർട്ടികളും ആന കുത്തിയാലും മറിയില്ലെന്നു ഉറപ്പിച്ച ശക്തിദുർഗങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ട്. കുറ്റിപ്പുറത്തും തിരൂരും മങ്കടയിലും ലീഗിന്റെ ഏറ്റവും പ്രഗത്ഭ നേതാക്കൾ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയത്തിന്റെ രുചി അറിഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ മഞ്ചേരി ലോക്സഭ മണ്ഡലത്തിൽ കെ.പി.എ. മജീദ് സാഹിബ് പരാജയപ്പെട്ടിട്ടുണ്ട്. ആ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി ആകെയുള്ള ഇരുപതിൽ പത്തൊമ്പത് സീറ്റിലും തകർന്നു തരിപ്പണം ആയിട്ടുണ്ട്. ഒരു തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഉരുക്കു കോട്ടകളായ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ലീഗ് പാർട്ടിക്ക് കൈമോശം വന്നിട്ടുണ്ട്. അന്ന് വിജയാഘോഷത്തിന്റെ ഭാഗമായി മിണ്ടാപ്രാണികളാ യ പോത്തുകളെ പച്ച പെയിന്റടിച്ചു അതിനു മുകളിൽ കോണി ചിഹ്നം വരച്ചു മലപ്പുറത്തെ തെരുവുകളിലൂടെ സഖാക്കൾ ആനയിച്ച് വ്യാപകമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.അതിരുകടന്ന് ആഹ്ലാദ പ്രകടനങ്ങൾ കൊണ്ട് ലീഗിനെയും യു. ഡി.എഫിനേയും പരിഹസിച്ചിട്ടുണ്ട്.അപമാനിച്ചിട്ടുണ്ട്.
എന്നാൽ, മലപ്പുറത്ത് തോറ്റമ്പിയതിന്റെ പേരിൽ ഒരു സഖാവും മുസ്ലിം ലീഗുകാരാൽ ആക്രമിക്കപ്പെട്ടിട്ടില്ല.തങ്ങളുടെ കോട്ടകൾ തകർത്തു വിജയം ആഘോഷിച്ചതിന്റെ പേരിൽ ഒരു സി.പി.എം ഓഫിസിനും ലീഗുകാർ കല്ലെറിഞ്ഞിട്ടില്ല.സി.പി.എം നേതാക്കളുടെ ഒരു സ്തൂപവും തകർക്കപ്പെട്ടിട്ടില്ല.എന്നാൽ, ഇപ്പോഴും നേരം വെളുക്കാത്ത സഖാക്കളുടെ കാര്യം നോക്കൂ.മുനിസിപ്പാലിറ്റി ആയതിനു ശേഷം ആദ്യമായി ജനാധിപത്യ മാർഗത്തിലൂടെ യു.ഡി.എഫ് പിടിച്ചടക്കിയപ്പോൾ സഹിക്കാൻ കഴിയാതെ പെരിന്തൽമണ്ണയിലെ മുസ്ലിം ലീഗ് ഓഫിസ് കല്ലെറിഞ്ഞു തകർത്തു അക്രമം കാണിച്ചിരിക്കുന്നു.ഏറാമലയിൽ തങ്ങൾ ഉറപ്പിച്ചിരുന്ന വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കുകയും പഞ്ചായത്ത് വീണ്ടും ജനകീയ മുന്നണി അധികാരം ഉറപ്പിക്കുകയും ചെയ്തതിന്റെ അരിശം സഖാക്കൾ തീർത്തത് ഇന്ദിര ഗാന്ധിയുടെ സ്തൂപം അടിച്ചു തകർത്തും പൊലീസിനെ നോക്കുകുത്തിയാക്കി അക്രമവും വെല്ലുവിളിയും നടത്തിക്കൊണ്ടാണ്. കേരളത്തിൽ സമാനമായ ധാരാളം അക്രമങ്ങൾ ഇതുപോലെ യു.ഡി.എഫിനെതിരായി അരങ്ങു തകർത്തിട്ടുണ്ട്.മറ്റെല്ലാ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി ജയ പരാജയങ്ങൾ അംഗീകരിക്കാനോ സമ്മതിക്കാനോ തിരുത്താനോ ഉള്ള ഒരു ജനാധിപത്യ ബോധം സഖാക്കൾക്ക് ഇല്ല.
അതുകൊണ്ടൊക്കെ തന്നെയാവാം പതിറ്റാണ്ടുകൾ അടക്കിവാണ ബംഗാളിലും ത്രിപുരയിലും ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ പിന്നീട് ഒരു തിരിച്ചു വരവിനു സാധ്യത ഇല്ലാത്ത വിധം പാർട്ടി തകർന്നടിഞ്ഞു പോവുന്നത്.അധികാരത്തിൽ ഇരിക്കുമ്പോൾ ചെയ്തു കൂട്ടിയ ക്രൂരതകളുടെയും തെമ്മാടിത്തത്തിന്റെയും പേരിൽ ജനം തെരുവിൽ പ്രതികാരം ചെയ്യുമ്പോൾ കാട്ടിലേക്കും കുന്നിൻ മുകളിലേക്കും ഓടിയൊളിക്കേണ്ടി വരുന്നത്.
മറ്റു സംസ്ഥാനങ്ങളിലൊക്കെ കോൺഗ്രസും പല പ്രാദേശിക പാർട്ടികളും തെരഞ്ഞെടുപ്പിൽ തോറ്റാലും വീണ്ടും അവർ ആ നാട്ടിൽ തന്നെ പ്രവർത്തിച്ചു തിരിച്ചു വരുന്നുണ്ട്. ആരും അവരെ തല്ലി ഓടിക്കാറില്ല.അതാണ് ജനാധിപത്യത്തിലെ സൗഹൃദവും മാന്യതയും.
നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിൽ പോലും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഇതുപോലെ തിരിച്ചടി ഏറ്റിട്ടില്ലാത്ത സി.പി.എം ഇനി എന്നായിരിക്കും സ്വയം വിമർശനവും ആത്മ പരിശോധനയും നടത്തി പഠിക്കുക!!!
അല്ലെങ്കിൽ തിരുത്തുക!!"
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.