സുബൈർ കണ്ണൂർ
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്തായാലും നമ്മുടെ രാഷ്ട്രീയ കേരളത്തിന് എന്നും ആവേശമാണ്. കാരണം എത്ര കടുത്ത രാഷ്ട്രീയം ഉണ്ടെങ്കിലും ചില വ്യക്തിഗത വോട്ടിന് അർഹരായി ഉള്ളവർ പ്രദേശത്ത് മത്സരിക്കുമ്പോൾ അവർ വരണം എന്ന് ആഗ്രഹിക്കുന്നവരും എന്നാൽ വികസന കാഴ്ചപ്പാട് സ്വീകരിക്കുന്നവരെ തെരഞ്ഞെടുക്കുക എന്നുള്ളതും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. 2005ൽ കുടുംബത്തിലെ രണ്ട് പേർ മത്സരരംഗത്തുണ്ടായിരുന്നു. നേരെ ഇളയ സഹോദരി സമീറ ടീച്ചർ കണ്ണൂർ ജില്ലയിലെ അഴിക്കോട് ഡിവിഷനിൽനിന്ന് ജില്ല പഞ്ചായത്തിലേക്കും അഴിക്കോട് ഗ്രാമപഞ്ചായത്തിലേക്ക് അവരുടെ ഭർത്താവ് കുഞ്ഞംസു മാഷും എൽ.ഡി.എഫ് സ്ഥാനാർഥികളായി മൽസരിച്ചു. അവരെ വിജയിപ്പിക്കാൻ കുടുംബസമേതം തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഴുവൻ സമയം ചെലവഴിച്ചത് ഇപ്പോഴും നല്ലൊരോർമയായി നിലനിൽക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ എല്ലാമുന്നണികളിലും സ്വതന്ത്രരായും റെസിഡൻസ് അസോസിയേഷൻ പ്രതിനിധിയായും വിവിധ രാജ്യങ്ങങ്ങളിൽ വർഷങ്ങളോളം പ്രവാസജീവിതം നയിച്ചവർ മത്സരരംഗത്തുള്ളതാണ് 2025 ലെ തെരഞ്ഞെടുപ്പിലെ ഒരു പ്രത്യേകത. ബഹ്റൈനിൽനിന്ന് അതിൽ എടുത്തുപറയേണ്ടത് നാലു വ്യക്തിത്വങ്ങളെയാണ്. 40 വർഷം ബഹ്റൈൻ പ്രതിഭയെ നയിച്ച പി.ടി. നാരായണൻ കാലടി ബ്ലോക്ക് പഞ്ചായത്തിലേക്കും നവകേരള പ്രതിനിധിയായി എം.എ. സഗീർ പാറക്കടവ് ബ്ലോക്കിലേക്കും എൽ.ഡി.എഫ് സ്ഥാനാർഥികളായെത്തുന്നുണ്ട്. കൂടാതെ ഒ.ഐ.സി.സി നേതാവ് ബിനു കുന്നന്താനം, കെ.എം.സി.സി പ്രതിനിധിയായ സലാം മമ്പാട്ട് മൂല എന്നിവർ യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നതും ഏറെ സന്തോഷം നൽകുന്നതാണ്. അവർ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അവരുടെ പ്രവാസ സാമൂഹിക ജീവിതാനുഭവം പ്രദേശെത്ത വികസനത്തിനും ജനങ്ങളുടെ ദൈനംദിന ജീവിത ഇടപെടലിനും ഉപകരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിലെ ഇന്നത്തെ ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ പ്രസക്തി വളരെ വലുതാണ്. നാടിന്റെ വികസനത്തിലും പ്രദേശത്തെ ജനങ്ങളുടെ നിത്യജീവിതപ്രശ്നങ്ങളിൽ ഇടപെടുന്നതിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യപങ്കുണ്ട്.
കേരളത്തിന്റെ പൊതുസ്ഥിതി മനസ്സിലാക്കിയുള്ള അധികാരവികേന്ദ്രീകരണവും അതിദാരിദ്ര്യ നിർമാർജന പരിപാടികളും ഈ ഘട്ടത്തിൽ പ്രാധാന്യം അർഹിക്കുന്നു. സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിന്റെ 28 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നത് പ്രാദേശികവികസനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഈ നിർണായക ഘട്ടത്തിൽ, പ്രവാസികളെ സംബന്ധിച്ച് ഒരു വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. പുതിയ പരിഷ്കരണങ്ങളിൽ (ഉദാഹരണത്തിന് SIR പോലുള്ളവ) പ്രവാസി വോട്ട് എന്ന സ്വപ്നപദ്ധതി കേവലം പ്രതീക്ഷയായി മാത്രം ഒതുങ്ങിപ്പോകുമോ എന്ന ഭീതിയുണ്ട്. ഈ ആശങ്കകൾക്കിടയിലും തങ്ങൾക്ക് ലഭിക്കുന്ന ഏത് വേദി ഉപയോഗിച്ചും പ്രവാസിസമൂഹം വോട്ട് ചേർക്കാനും അതിലൂടെ ജനാധിപത്യപ്രക്രിയയുടെ ഭാഗമാകാനും ശ്രമിക്കണം.
ജനാധിപത്യത്തിന്റെ അന്തസ്സത്ത നിലനിർത്താൻ, ലഭ്യമായ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി, പ്രവാസിസമൂഹം തങ്ങളുടെ വോട്ടവകാശം യാഥാർഥ്യമാക്കാൻ ശ്രമിക്കണം. കേരളത്തിന്റെ വികസന നയരൂപീകരണത്തിലും പ്രാദേശിക ഭരണത്തിലും പ്രവാസികളുടെ ശബ്ദം നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.