ഹസൻ അൽ മഹരി

ഡ്രൈവറുടെ അനാസ്ഥ; സ്കൂൾ വാഹനത്തിൽ ഉറങ്ങിപ്പോയ നാല് വയസ്സുകാരൻ മരിച്ചു

മനാമ: സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനത്തിൽ ഉറങ്ങിപ്പോയ കിന്‍റർഗാർട്ടൻ വിദ്യാർഥി മരിച്ചു. നാലുവയസ്സുകാരനായ ഹസൻ അൽ മഹരി എന്ന ബഹ്‌റൈനി ബാലനാണ് മരിച്ചത്. മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ കുടുങ്ങിയ കുട്ടി ചൂട് മൂലമുണ്ടായ തളർച്ചമൂലമാണ് മരിച്ചതെന്നാണ് വിവരം. സ്കൂൾ ഗതാഗതത്തിന് ഔദ്യോഗിക അനുമതിയില്ലാത്ത വാഹനത്തിലാണ് കുട്ടി മണിക്കൂറുകളോളം അകപ്പെട്ടത്.

സംഭവത്തിൽ 40 കാരിയായ വനിത ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഹമദ് സിറ്റിയിലാണ് സംഭവം. കിന്‍റർഗാർട്ടനിലേക്കുള്ള യാത്രക്കിടെ ഹസൻ വാഹനത്തിൽ ഉറങ്ങിപ്പോയതായി കുടുംബാംഗങ്ങൾ പറയുന്നു. മറ്റു കുട്ടികളെല്ലാം വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ, ഡ്രൈവറുടെ ശ്രദ്ധയിൽപെടാതെ ഹസൻ ഉള്ളിൽത്തന്നെ കിടന്നുറങ്ങുകയായിരുന്നു.

വാഹനം വായു കടക്കാത്ത രീതിയിൽ അടച്ചിട്ടതിനാൽ മണിക്കൂറുകളോളം വാഹനത്തിൽ തന്നെ അകപ്പെടുകയായിരുന്നു. മടക്കയാത്രക്ക് കുട്ടികളെ ഒരുക്കുന്നതിനിടെ കിന്‍റർഗാർട്ടൻ ജീവനക്കാർ ഹസനെ കാണാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വാഹനത്തിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ ബി.ഡി.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ബന്ധു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് നിയമനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കിന്‍റർഗാർട്ടൻ ജീവനക്കാരിയുടെ ഫോൺ കോളിനെ തുടർന്ന് പൊലീസ് പട്രോളിംഗും നാഷനൽ ആംബുലൻസും ഉടൻ സ്ഥലത്തെത്തിയിരുന്നു. വിദ്യാർഥികളെ കൊണ്ടുപോകാൻ അനുമതിയില്ലാത്ത വാഹനത്തിൽ കുട്ടിയെ ശ്രദ്ധിക്കാതെ പോയ വനിത ഡ്രൈവറുടെ അശ്രദ്ധയാണ് മരണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ലൈസൻസില്ലാത്ത ഡ്രൈവർമാരുമായി കരാർ ഒഴിവാക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർഥിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്കൂളുകളിലെയും കിന്‍റർഗാർട്ടനുകളിലെയും ജീവനക്കാർക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ കാമ്പയിനുകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അംഗീകൃത വാഹനങ്ങൾക്കുള്ള ചെലവ് താങ്ങാൻ കഴിയാത്ത രക്ഷിതാക്കൾ കുറഞ്ഞ നിരക്കിലുള്ള സർവിസുകളെ ആശ്രയിക്കുന്നതാണ് ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് ഏരിയ എം.പി. ഡോ. മുനീർ സുറൂർ പറഞ്ഞു. 2013ലും സമാനമായ രീതിയിൽ അഞ്ച് വയസ്സുകാരൻ മരിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - Driver's negligence; Four-year-old dies after falling asleep in school bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.