മനാമ: ബഹ്‌റൈനിലെ ജുഫൈറിൽ നടത്തിയ സുരക്ഷാ ഓപ്പറേഷനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ രണ്ടുപേരെ അധികൃതർ പിടികൂടി. 37 വയസ്സുള്ള നൈജീരിയൻ പൗരനെയും 27 വയസ്സുള്ള ആഫ്രിക്കൻ വംശജനെയുമാണ് ജുഫൈറിലെ ഒരു കെട്ടിടത്തിൽ വെച്ച് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
അറസ്റ്റ് വാറണ്ട് നടപ്പിലാക്കുന്നതിനിടെ കെട്ടിടത്തിന്റെ റിസപ്ഷൻ ഏരിയയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരിൽ രണ്ടാമത്തെ ആൾ അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്നുകളും വിവിധ രാജ്യങ്ങളിലെ കറൻസികളും കണ്ടെടുത്തത്. ഒന്നാമത്തെ പ്രതിയുടെ കൈവശം മയക്കുമരുന്ന് വിറ്റുകിട്ടിയതെന്ന് സംശയിക്കുന്ന പണവും മൊബൈൽ ഫോണും ഉണ്ടായിരുന്നു. രണ്ടാമത്തെ പ്രതിയുടെ പക്കൽ നിന്ന് കഞ്ചാവും പണവും പിടിച്ചെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒന്നാമത്തെ പ്രതിയുടെ താമസസ്ഥലത്തുനിന്ന് ലിറിക്ക ഗുളികകൾ, കഞ്ചാവ്, ഹഷീഷ്, തൂക്കാനുള്ള ഉപകരണം, പാക്കിംഗ് വസ്തുക്കൾ എന്നിവ കണ്ടെടുത്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ഒന്നാമത്തെ പ്രതി സമ്മതിച്ചു. രണ്ടാമത്തെ പ്രതി മയക്കുമരുന്ന് ലഭിക്കുന്നതിന് പകരമായി വിതരണത്തിന് സഹായിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഫോൺ പരിശോധനയിൽ മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഇടപാടുകൾ ഏകോപിപ്പിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനയിൽ പ്രതികളിൽ നിന്ന് കൊക്കെയ്ൻ, ഹാഷിഷ്, കഞ്ചാവ്, പ്രെഗബാലിൻ എന്നിവ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. കേസിൽ ജൂൺ 30ന് കോടതി വിധി പ്രസ്താവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.