മനാമ: പൊതുജനങ്ങൾക്കായി പുതിയ ജാഗ്രത നിർദേശവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രംഗത്ത്. ഔദ്യോഗിക ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിക്കുന്നവരുടെ വലയിൽ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൊലീസ് മീഡിയ സെന്റർ ക്യാപ്റ്റൻ മനാഫ് അൽ ഖത്താൻ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളൊന്നും തന്നെ തങ്ങളുടെ ജീവനക്കാരെ നേരിട്ട് അയച്ച് പണം ആവശ്യപ്പെടുകയോ പിരിച്ചെടുക്കുകയോ ചെയ്യാറില്ലെന്ന് ക്യാപ്റ്റൻ മനാഫ് അൽ ഖത്താൻ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഔദ്യോഗിക ഇടപാടുകളും പണമടയ്ക്കലുകളും അംഗീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴിയോ ബന്ധപ്പെട്ട വകുപ്പുകളുടെ ഓഫീസുകൾ വഴിയോ മാത്രം നടത്തുക. സംശയാസ്പദമായ സാമ്പത്തിക ആവശ്യങ്ങളോട് പ്രതികരിക്കരുതെന്നും തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ എപ്പോഴും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വ്യാജ ലിങ്കുകൾ വഴിയും വാട്‌സാപ്പ് സന്ദേശങ്ങൾ വഴിയും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ വ്യവസായ-വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റും നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക തട്ടിപ്പ് ശ്രമങ്ങളോ മറ്റോ ശ്രദ്ധയിൽപെട്ടാൽ ‘മൈഗവ്’ ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ ആന്റി കറപ്ഷൻ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ പ്രത്യേക ഹോട്ട്‌ലൈൻ നമ്പറായ 992 മുഖേനയോ ഉടൻ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.