മസ്കത്ത്: മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി 2023 വാർഷിക കാവ്യാലാപന മത്സരത്തിന്റെ സബ് ജൂനിയർ വിഭാഗത്തിൽ ഒമാൻ ചാപ്റ്റർ സുഹാറിൽ നിന്നുള്ള ദിയ ആർ.നായർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലയാളം മിഷൻ സംഘടിപ്പിച്ച മലയാണ്മ 2024 നോടനുബന്ധിച്ചാണ് ഗ്രാൻഡ് ഫിനാലെ നടന്നത്. മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകൾ സംഘടിപ്പിച്ച മത്സരങ്ങളിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ ഇരുനൂറു കുട്ടികളാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നിന്നും പത്തു പേരാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്
ഒമാൻ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ജൂനിയർ വിഭാഗത്തിൽ സുഹാറിൽനിന്ന് തന്നെയുള്ള സയൻ സന്ദേശ്, സൂർ മേഖലയിലെ പല്ലവി അഭിലാഷ് എന്നിവരും ഫൈനലിൽ മത്സരിച്ചിരുന്നു. മലയാളം മിഷൻ ഭരണസമിതി അംഗവും മലയാളത്തിന്റെ പ്രിയ കവയിത്രിയുമായിരുന്ന സുഗതകുമാരി ടീച്ചർക്ക് ആദരമായി വർഷം തോറും മിഷൻ നടത്തിവരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. ഓരോ വർഷവും വ്യത്യസ്ത കവികളുടെ കവിതകളാണ് കുട്ടികൾക്ക് ആലപിക്കാനായി തെരഞ്ഞെടുക്കാവുന്നത്. രണ്ടാം സ്ഥാനം നേടിയ ദിയ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള, മലയാള വിഭാഗങ്ങളുടെ യുവജനോത്സവങ്ങളിൽ നൃത്ത, സംഗീത, രചനാ വിഭാഗങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും സുഹാർ മലയാളി സംഘം നടത്തിയ യുവജനോത്സവത്തിൽ കലാതിലകപ്പട്ടം നേടുകയും ചെയ്തിട്ടുണ്ട്. സുഹാറിൽ കൊല്ലം ചവറ പന്മന സ്വദേശി ദ്വിപിൻ-രമ്യ ദമ്പതികളുടെ ഏകമകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.