ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സർവിസസിന്റെ ആഭിമുഖ്യത്തിൽ നടന്ന ദീപാവലി ആഘോഷം
മനാമ: ബഹ്റൈനിലെ പ്രവാസി ഇന്ത്യൻ സമൂഹം ഒത്തുചേർന്ന് ദീപാവലി ആഘോഷം അവിസ്മരണീയമാക്കി. സൽമാബാദിലെ ഗോൾഡൻ ഈഗിൾ ക്ലബിൽ ബഹ്റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സർവിസസിന്റെ ആഭിമുഖ്യത്തിൽ നടന്ന ദീപാവലി ആഘോഷം ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും വർണാഭമായ പ്രതിഫലനമായി. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദീപാവലിയുടെ സന്ദേശമായ സമാധാനവും ഐക്യവും സ്നേഹവും ഊന്നിപ്പറഞ്ഞ അംബാസഡർ, ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിലെ വെടിനിർത്തൽ ശ്രമങ്ങളെ പ്രതീക്ഷയായി പ്രശംസിച്ചു.
ബികാസ് പ്രസിഡന്റ് ഭഗവാൻ അസർപോട്ട തന്റെ പ്രസംഗത്തിൽ, ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക ബന്ധവും സമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിൽ ബികാസിന്റെ പങ്ക് എടുത്തുപറഞ്ഞു. ഈ ദീപാവലി ആഘോഷം നമ്മുടെ സാംസ്കാരിക പൈതൃകത്തെ ജീവനോടെ നിലനിർത്താനും ബഹ്റൈനിൽ സമാധാനവും ഏകീകരണവും പ്രോത്സാഹിപ്പിക്കാനുമുള്ള ബികാസിന്റെ പ്രതിബദ്ധതയെ ഉറപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് മഹേഷ് ദേവ്ജി, കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോ-എക്സിസ്റ്റൻസിലെ സീനിയർ കമ്യൂണിറ്റി അഫയേഴ്സ് സ്പെഷലിസ്റ്റ് മോന ജോർജ് കോറോ, അമദ് ഗ്രൂപ്പിന്റെ സ്ഥാപകൻ പമ്പാവാസൻ നായർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.രാവിലെ ഒമ്പതിന് ആരംഭിച്ച ആഘോഷങ്ങൾ, വർണാഭമായ രംഗോലി മത്സരത്തോടെയാണ് തുടങ്ങിയത്. വൈകീട്ട് നാലുമണിയോടെ, വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന പരമ്പരാഗത നൃത്തങ്ങൾ, സംഗീതം, നാടോടി കലകൾ എന്നിവ അവതരിപ്പിച്ചു. കൂടാതെ ഡി.ജെ നിർമൽ ഒരുക്കിയ ദാൻഡിയ നൃത്തം മുഖ്യ ആകർഷണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.