പ്രതീകാത്മക ചിത്രം
മനാമ: മുതിർന്ന പൗരന്മാർക്ക് സർക്കാർ സേവനങ്ങൾക്കും ഫീസുകൾക്കും കിഴിവ് നൽകുന്നതിനുള്ള പുതിയ നിർദേശവുമായി എം.പിമാർ രംഗത്ത്. എം.പി മുഹമ്മദ് അൽ മഅ് രിഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുതിർന്ന പൗരന്മാരുടെ അവകാശ നിയമത്തിലെ 9ാം വകുപ്പിൽ ഭേദഗതി വരുത്താൻ നിർദേശം സമർപ്പിച്ചത്.
'സീനിയർ സർവീസ് കാർഡ്' എന്ന പേരിൽ ഒരു പ്രത്യേക കാർഡ് അവതരിപ്പിക്കാനാണ് നിർദ്ദേശത്തിൽ പ്രധാനമായും പറയുന്നത്. ഈ കാർഡ് കൈവശമുള്ളവർക്ക് എല്ലാ സർക്കാർ സേവനങ്ങൾക്കും ഫീസുകൾക്കും കുറഞ്ഞത് 50 ശതമാനം വരെ കിഴിവ് ലഭിക്കും. കൂടാതെ, മരുന്ന്, ഭക്ഷണം, യാത്രാസൗകര്യങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്കായി സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും കിഴിവുകൾ നൽകുന്നതിനും ഈ പദ്ധതി പ്രോത്സാഹിപ്പിക്കും.
നിർദേശമനുസരിച്ച്, ബന്ധപ്പെട്ട മന്ത്രാലയം പ്രസക്തമായ സമിതിയുമായി സഹകരിച്ചായിരിക്കും കാർഡ് വിതരണം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം നൽകുന്നതിനും അവരുടെ ജീവിതച്ചെലവ് ലഘൂകരിക്കുന്നതിനും രാജ്യത്തിന് അവർ നൽകിയ സംഭാവനകളെ ആദരിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം.
മുതിർന്ന പൗരന്മാരുടെ സമഗ്രമായ സംരക്ഷണത്തിനായുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് നിർദേശത്തിൽ എം.പിമാർ പറഞ്ഞു. ആരോഗ്യ സംരക്ഷണം, മുനിസിപ്പൽ സേവനങ്ങൾ, ഔദ്യോഗിക ഇടപാടുകൾ തുടങ്ങി അവരുടെ ദൈനംദിന ജീവിതത്തിൽ വ്യക്തമായ ആനുകൂല്യങ്ങൾ നൽകുന്നതിന് ഇത് പ്രാധാന്യം നൽകുന്നുമുണ്ട്. നിർദ്ദേശം തുടർനടപടികൾക്കായി ബന്ധപ്പെട്ട പാർലമെന്ററി സമിതികൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.