മനാമ: മലയാളി കോൾഡ് സ്റ്റോർ ഉടമ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന സ്വദേശി പൗരന്റെ അപ്പീൽ തള്ളി കോടതി. കടയിൽ മോഷണം നടത്തിയതിനുശേഷം പ്രതി മർദിച്ചതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചാണ് കോഴിക്കോട് സ്വദേശിയായ ബഷീർ മരണപ്പെട്ടത്. സംഭവത്തിൽ മോഷണവും മാരകമായ ആക്രമണവും നടത്തിയെന്ന കേസിൽ കഴിഞ്ഞ വർഷം ഹൈക്രിമിനൽ കോടതി പ്രതിയെ 25 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നൽകിയ അപ്പീലാണ് ബഹ്റൈനിലെ പരമോന്നത കോടതി തള്ളിയത്. ഇതോടെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പായി.36 വയസ്സുള്ള ബഹ്റൈനി പൗരനാണ് പ്രതി. ഇയാൾക്ക് മനോരോഗമുണ്ടെന്നും ലഹരിക്ക് അടിമയാണെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും മനോരോഗവിദഗ്ധരുടെ പാനൽ ഇയാൾ വിചാരണക്ക് യോഗ്യനാണെന്ന് കണ്ടെത്തിയിരുന്നു.
ഹാജിയാത്തിലെ ഒരു കോൾഡ് സ്റ്റോറിൽനിന്ന് സിഗരറ്റും ജ്യൂസും സാൻഡ്വിച്ചും മോഷ്ടിക്കുന്നതിനിടെയാണ് സംഭവം. പണംനൽകാതെ പോയ ഇയാളെ പിന്തുടർന്ന ബഷീറിനെ കടയ്ക്ക് വെളിയിൽ വെച്ച് പ്രതി അടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായനിലയിലാണ് ബഷീറിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. നാല് ദിവസമായി വെന്റിലേറ്ററിലായിരുന്ന ബഷീർ മരിച്ചു. ആക്രമണത്തിനു ശേഷം ബഷീറിന് കഠിനമായ അസ്വസ്ഥത ഉണ്ടായെന്നും ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബഷീറിന് ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തേ ഉണ്ടായിരുന്നു.
കോടതിയിൽ കുറ്റം നിഷേധിച്ചെങ്കിലും പബ്ലിക് പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളും കോടതിക്ക് ലഭിച്ചിരുന്നു. പ്രതിയുടെ അഭിഭാഷകൻ ഹൈക്രിമിനൽ കോടതിയിലും പിന്നീട് കാസേഷൻ കോടതിയിലും അപ്പീൽ നൽകിയെങ്കിലും രണ്ട് അപ്പീലുകളും തള്ളുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, പ്രതി മുമ്പ് പലതവണയായി കടയുടമകളെ ആക്രമിക്കുകയും മോഷണം നടത്തുകയും ചെയ്തിട്ടുണ്ട്. പൊതുസ്ഥലത്ത് അതിക്രമം കാണിക്കുക, സ്ത്രീകളെ ശല്യം ചെയ്യുക, സ്വത്ത് നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 2002 മുതൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.