സാര്‍ ജങ്ഷന് നവീകരണ പദ്ധതി കിരീടാവകാശി വിലയിരുത്തുന്നു
മനാമ: സാര്‍ ജങ്ഷന് നവീകരണ പദ്ധതി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വിലയിരുത്തി. പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് തയാറാണ്.
ശൈഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയും ശൈഖ് ഈസ ബിന്‍ സല്മാന് ഹൈവേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജങ്ഷന് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ ഭാഗത്തെ തിരക്ക് കുറഞ്ഞ് ഗതാഗതം സുഗമമാകുമെന്നാണ് പ്രതീക്ഷ. വാഹനങ്ങൾ കൂടുന്നതിനനുസരിച്ച് റോഡ് വികസനം നടപ്പാക്കുന്നതില്‍ ബഹ്റൈന്‍ വിജയിക്കാന്‍ സാധിച്ചതായി പ്രിന്‍സ് സല്മാന് വ്യക്തമാക്കി. അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കുന്നതില് അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു.
പദ്ധതിയുടെ പ്രാധാന്യവും നിര്‍മാണ പുരോഗതിയും പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വിശദീകരിച്ചു. മണിക്കൂറില്‍ 900 വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ 3600 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസേന ഇതുവഴി 1,73,000 വാഹനങ്ങളാണ് ഇരുഭാഗത്തേക്കുമായി കടന്നുപോകുന്നത്. തിരക്കുള്ള സമയത്ത് മണിക്കൂറില്‍ 11,000 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
പദ്ധതി സന്ദര്‍ശനശേഷം റിഫ പാലസില്‍ നടന്ന അവലോകന യോഗത്തില്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ അടിസ്ഥാന സൗകര്യ വികസനങ്ങൾ വിശദീകരിച്ചു.
ധനകാര്യ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫ, പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.