മനാമ: ഗർഭകാലം പൊതുവേ തന്നെ സ്ത്രീകൾക്ക് ഏറെ മാനസിക സംഘർഷങ്ങൾ നിറഞ്ഞതാണ്. ഇപ്പോൾ അതിനെല്ലാം പുറമേ, പുതിയൊരു സാഹചര്യം കൂടി അവർക്ക് നേരിടേണ്ടി വന്നിരിക്കുന്നു. കോവിഡ്19 മൂലമുള്ള പ്രശ്നങ്ങൾ.എല്ലാവരും വൈറസിനെ അകറ്റി നിർത്തി സ്വന്തം ആരോഗ്യം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്. പക്ഷേ, ഗർഭിണികൾക്ക് സ്വന്തം കാര്യം മാത്രം നോക്കിയാൽ പോര. ഉദരത്തിലുള്ള കുഞ്ഞിെൻറ കാര്യം കൂടി നോക്കണം. അതിനാൽ ഇൗ പ്രതിസന്ധി ഘട്ടത്തിൽ ഗർഭിണികൾ ഏറെ കരുതലെടുക്കണം. മറ്റുള്ളവരേക്കാൾ കൂടുതൽ ഗുരുതരമായി ഗർഭിണികളെ ബാധിക്കുന്ന ഒന്നല്ല നൊവേൽ കൊറോണ വൈറസ് എന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. അതേസമയം, നേരത്തെ വന്ന സാർസ് വൈറസ് ഗർഭിണികളെ കൂടുതൽ ഗുരുതരമായി ബാധിച്ച ഒന്നായിരുന്നു.
ചൈനയിൽ കോവിഡ് 19 ബാധിച്ച ഗർഭിണികളിൽ നടത്തിയ പഠനത്തിൽനിന്ന് വ്യക്തമായ ഒരു കാര്യം ഇങ്ങനെയാണ്; കോവിഡ് കാരണം ഗർഭം അലസിപ്പോകുന്ന കേസുകളിൽ വർധന ഉണ്ടായിട്ടില്ല. ഗർഭകാലത്തോ പ്രസവ സമയത്തോ കുഞ്ഞിലേക്ക് വൈറസ് പകരുമോയെന്നും വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല. അമ്മയിൽനിന്ന് കുഞ്ഞിലേക്ക് വൈറസ് പകരുന്നതിന് സാധ്യതയില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നവജാത ശിശുവിെൻറ വളർച്ചക്ക് വൈറസ് എന്തെങ്കിലും വിഘാതം ഉണ്ടാക്കുമോ എന്നതും തെളിയിക്കപ്പെട്ടിട്ടില്ല.
അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇപ്പോൾ പറയാനായിട്ടില്ല. അതിനാൽ വൈറസ് ബാധിക്കാതിരിക്കാൻ ഗർഭിണികൾ മതിയായ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം: ഗർഭകാലത്ത് കൂട്ടുകാരുടെയും വീട്ടുകാരുടെയും അടുത്ത് ഇരിക്കുന്നത് മാനസിക സംഘർഷം കുറക്കാൻ നല്ലതാണ്. എന്നാൽ, കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണം. മൊബൈൽ ഫോണിലൂടെയും ഇൻറർനെറ്റിലൂെടയും കൂട്ടുകാരുമായും വീട്ടുകാരുമായും സൗഹൃദം പുലർത്തുന്നതാണ് നല്ലത്. ഗർഭകാലം 28 ആഴ്ച പിന്നിട്ടവരും ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇടക്കിടെ കൈകഴുകുക, ശുചിത്വ സംരക്ഷണ ഉപാധികൾ ഉപയോഗിക്കുക എന്നിവയും ശ്രദ്ധിക്കണം. അടിയന്തയരമല്ലാത്ത ഗർഭകാല പരിശോധനകൾ കുറച്ചുകൂടി നീട്ടിവെക്കാൻ പറ്റുമോയെന്ന് ഗൈനക്കോളജിസ്റ്റിനോട് ചോദിക്കാവുന്നതാണ്.
ആശുപത്രിയിലേക്ക് ഒപ്പം വരുന്ന ആളുകളുടെ എണ്ണം കുറക്കണം. പ്രായമായവരെയും കുട്ടികളെയും കൂടെ കൂട്ടാതിരിക്കുക. വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാഹചര്യമില്ലാത്ത ജോലിക്കാരായ സ്ത്രീകൾ തൊഴിലുടമയുമായി സംസാരിച്ച് അനുകൂലമായ തൊഴിൽ സാഹചര്യത്തിലേക്ക് മാറണം. ആളുകളുമായി ഇടപെടാത്ത ജോലികളാണ് അഭികാമ്യം. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് കോവിഡിനെതിരായ പോരാട്ടത്തിൽ നമുക്കും നമ്മുടേതായ പങ്ക് വഹിക്കാം.
ഡോ. ജാസ്മിൻ ശങ്കരനാരായണൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി,
അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻറർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.