മനാമ: ബഹ്‌റൈനിലെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ലാഭത്തിന്റെ നിശ്ചിത ശതമാനം നിർബന്ധമായും ദേശീയ ബജറ്റിലേക്ക് മാറ്റണമെന്ന നിർദേശം ശൂറ കൗൺസിൽ പാനൽ തള്ളി. ഇത്തരമൊരു നീക്കം കമ്പനികളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുമെന്നും സർക്കാറിന് സാമ്പത്തിക ബാധ്യതകൾ വരുത്തിവെക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക കാര്യ സമിതി ഈ ശുപാർശ നൽകിയത്. മുംതലാഖത്ത്, ബാപ്‌കോ എനർജീസ് തുടങ്ങിയ സർക്കാർ കമ്പനികളുടെ അറ്റാദായത്തിന്‍റെ കുറഞ്ഞത് 50 ശതമാനം ദേശീയ ബജറ്റിൽ ഉൾപ്പെടുത്താനായിരുന്നു ഭേദഗതി ലക്ഷ്യമിട്ടത്. നിലവിലുള്ള നിയമങ്ങൾ തന്നെ പൊതുപണം നിരീക്ഷിക്കാനും ഉത്തരവാദിത്തം ഉറപ്പാക്കാനും പര്യാപ്തമാണെന്ന് സമിതി ചെയർമാൻ ഖാലിദ് അൽ മസ്ഖതി പറഞ്ഞു.
സർക്കാർ കമ്പനികൾ വാണിജ്യ തത്വങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ലാഭവിഹിതത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത് നിക്ഷേപ പദ്ധതികളെയും വിപണിയിലെ മത്സരക്ഷമതയെയും ബാധിക്കുമെന്ന് ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2017നും 2024നും ഇടയിൽ ലാഭനഷ്ടങ്ങൾ കണക്കിലെടുക്കാതെ തന്നെ 200 ദശലക്ഷം ദീനാർ ബജറ്റിലേക്ക് കമ്പനി നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിർബന്ധിത ലാഭവിഹിതം നിക്ഷേപ പങ്കാളിത്തങ്ങളെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
നിലവിലുള്ള ഓഡിറ്റിംഗ് സംവിധാനങ്ങൾ സുതാര്യത ഉറപ്പാക്കുന്നുണ്ടെന്നും പുതിയ ഭേദഗതിയുടെ ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു.കമ്പനികളുടെ ലാഭം നിർബന്ധപൂർവ്വം ബജറ്റിലേക്ക് മാറ്റുന്നത് ഭാവിയിൽ ആ കമ്പനികൾക്ക് നഷ്ടമുണ്ടായാൽ അതിന്‍റെ മുഴുവൻ ഭാരവും ഗവൺമെന്‍റ് ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കും. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക കമ്മി വർധിപ്പിക്കാൻ കാരണമായേക്കാമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.ഞായറാഴ്ച നടക്കുന്ന പ്രതിവാര സെഷനിൽ ഈ വിഷയത്തിൽ ശൂറ കൗൺസിൽ അന്തിമ വോട്ടെടുപ്പ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.