വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധന
മനാമ: മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്നുണ്ടായ അനിശ്ചിതാവസ്ഥയിൽ രാജ്യത്തെ വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാൻ ബഹ്‌റൈൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നു. ഇറാൻ ആക്രമണങ്ങളും ഹൂർമുസ് കടലിടുക്ക് അടച്ചതും സൃഷ്ടിച്ച കയറ്റിറക്ക് വെല്ലുവിളികൾ മറികടക്കാൻ ജി.സി.സി രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളുമായി ബഹ്‌റൈൻ നേരിട്ട് ബന്ധപ്പെട്ട് വരികയാണെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിലെ പോർട്ട്‌സ് ആൻഡ് മാരിടൈം അഫയേഴ്സ് അണ്ടർ സെക്രട്ടറി ബദർ അൽ മഹ്മൂദ് അറിയിച്ചു.
വ്യാപാരികളുമായും സൂപ്പർമാർക്കറ്റ് ഉടമകളുമായും നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 28 മുതൽ ഇറാന്‍റെ ആക്രമണങ്ങൾ നേരിടുന്നുണ്ടെങ്കിലും രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൂർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ സൗദി അറേബ്യയിലെ ജിദ്ദ, ഒമാനിലെ സലാല, യു.എ.ഇയിലെ ഫുജൈറ എന്നീ തുറമുഖങ്ങൾ വഴി ചരക്കുകൾ എത്തിക്കാൻ ബഹ്‌റൈൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ബഹ്‌റൈൻ വിമാനത്താവളം അടച്ചതിനാൽ ചരക്ക് നീക്കത്തിന് മറ്റ് പ്രവേശന കവാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഗൾഫ് എയർ താൽക്കാലികമായി തങ്ങളുടെ സർവീസുകൾ സൗദിയിലെ ദമ്മാമിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ത്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷ്യസാധനങ്ങൾ കിങ് ഫഹദ് കോസ്‌വേ വഴി തടസ്സമില്ലാതെ രാജ്യത്തേക്ക് എത്തിക്കുന്നുണ്ട്. കോസ്‌വേയിലെ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ആരോഗ്യ മന്ത്രാലയം മറ്റ് ജി.സി.സി രാജ്യങ്ങളുമായി ചർച്ച നടത്തിയിരുന്നു. ഭക്ഷണം, മരുന്ന്, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവക്കാണ് മുൻഗണന. ഇവ വിപണിയിൽ വേഗത്തിൽ എത്തിക്കാൻ തുറമുഖങ്ങളിൽ ക്ലിയറൻസ് നടപടികളും വേഗത്തിലാക്കും.
വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ സജ്ജമാക്കുമെന്ന് ഫുഡ് സെക്ടർ കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമീൻ അറിയിച്ചു. ഇറക്കുമതിയുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നേരിടുന്നവർക്ക് ബഹ്‌റൈൻ ചേംബറിന്റെ ഇൻസ്റ്റാഗ്രാം പേജിലെ (@bahrainchamber) ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പരാതികൾ അറിയിക്കാവുന്നതാണ്. നിലവിൽ രാജ്യത്ത് ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും വിപണി സ്ഥിരതയുള്ളതാണെന്നും അധികൃതർ ജനങ്ങൾക്ക് ഉറപ്പുനൽകി. സാധനങ്ങളുടെ വില നിയന്ത്രിക്കാനും മറ്റ് നിരീക്ഷണങ്ങൾക്കും വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ഏജൻസികളും കർശന നിരീക്ഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.