മാലദ്വീപ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ഷാഹിദും ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും വിവിധ കരാറുകളിൽ ഒപ്പുവെക്കുന്നു

മാലദ്വീപുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കും

മനാമ: മാലദ്വീപുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിനെത്തിയ മാലദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റിനൊപ്പമെത്തിയ മാലദ്വീപ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ഷാഹിദും ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഗുദൈബിയ പാലസിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പൊതുതാൽപര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം, സഹകരണം, ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിന് രാഷ്ട്രീയ കൂടിയാലോചനകൾ സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു വിദേശകാര്യ മന്ത്രിമാരും ഒപ്പുവെച്ചു.

ബഹ്‌റൈനിലെ മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ അക്കാദമി ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസും മാലദ്വീപിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ നയതന്ത്ര പരിശീലനവും വിവര കൈമാറ്റവും സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പുവെച്ചു. ബഹ്‌റൈനിലെ ക്ലൗഡ് കമ്പ്യൂട്ടിങ് സെന്ററുകളിലെ തങ്ങളുടെ വരിക്കാരുടെ വിവരങ്ങൾക്ക് മേൽ മാലദ്വീപിന് പരമാധികാരം നൽകുന്ന സർട്ടിഫിക്കറ്റും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി മാലദ്വീപ് വിദേശകാര്യമന്ത്രിക്ക് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് കരാറുകൾ സഹായിക്കുമെന്ന് ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. മാലദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായും കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - Cooperation with Maldives will be expanded in various fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.