നാമ: വിമാനത്തിൽ കയറിയാൽ പിന്നെ ലോകവുമായുള്ള ബന്ധം അറ്റു എന്ന് കരുതിയിരുന്ന കാലത്തിന് വിരാമമാകുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ 'സ്റ്റാർലിങ്ക്' ഇനി ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ വിമാനങ്ങളിലും ലഭ്യമാകും.
യാത്രക്കാർക്ക് ഇന്റർനെറ്റ് സേവനമൊരുക്കാനായി ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി കൈകോർത്തിരിക്കുകയാണ് ഗർഫ് എയർ.
പല വിമാനക്കമ്പനികളും ഇന്റർനെറ്റിന് വൻ തുക ഈടാക്കുമ്പോൾ, ഗൾഫ് എയർ ഈ സേവനം തികച്ചും സൗജന്യമായാണ് യാത്രക്കാർക്ക് നൽകുന്നത്. ആകാശത്ത് 35,000 അടി ഉയരത്തിലിരുന്നും റീൽസ് കാണാനും വാട്സാപ്പിൽ മെസ്സേജ് അയക്കാനും, സിനിമകൾ കാണാനും ഇനി തടസ്സമുണ്ടാകില്ല. ഈ വർഷം പകുതിയോടെ ഗൾഫ് എയറിന്റെ എയർബസ് A320 വിമാനങ്ങളിലാകും സ്റ്റാർലിങ്ക് ആദ്യം എത്തുക. വൈകാതെ തന്നെ ബോയിംഗ് 787 ഡ്രീംലൈനർ ഉൾപ്പെടെയുള്ള മുഴുവൻ വിമാനങ്ങളിലും ഹൈ-സ്പീഡ് ഇന്റർനെറ്റ് ലഭ്യമാകും.
ആകാശത്തിൽ ഇന്റർനെറ്റ് ആദ്യമെത്തിക്കാനുള്ള മത്സരത്തിന്റെ ഭാഗമായി ഖത്തർ എയർവേയ്സും എമിറേറ്റ്സും ഫ്ലൈ ദുബായുമൊക്കെ നേരത്തെ തന്നെ സ്റ്റാർലിങ്കുമായി കരാറൊപ്പിട്ടിരുന്നു. ഇപ്പോൾ ആ കൂട്ടത്തിലേക്ക് ഗൾഫ് എയറും കൂടി എത്തിയതോടെ ഗൾഫ് മേഖലയിലെ വിമാനയാത്ര ശരിക്കും ഹൈ-ടെക് ആയി മാറുകയാണ്. ഏകദേശം 8,000 ഉപഗ്രഹങ്ങളുടെ കരുത്തിലാണ് സ്റ്റാർലിങ്ക് ഈ വേഗം വാഗ്ധാനം ചെയ്യുന്നത്. ചുരുക്കത്തിൽ,
ഇനി ഗൾഫ് എയറിൽ പറക്കുമ്പോൾ 'ഇന്റർനെറ്റ് ഇല്ലല്ലോ' എന്നോർത്ത് ആരും സങ്കടപ്പെടേണ്ടി വരില്ല....!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.