നിക്ഷേപകരെ കബളിപ്പിച്ച് 60 ലക്ഷം ദിനാർ തട്ടിയെടുത്ത കേസ്; നിക്ഷേപ കമ്പനി അധികൃതരെ ക്രിമിനൽ വിചാരണക്ക് വിടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്

മനാമ: നിക്ഷേപകരെ കബളിപ്പിച്ച് 60 ലക്ഷം ദിനാർ തട്ടിയെടുത്ത ഒരു നിക്ഷേപ കമ്പനിയുടെ ഉടമയെയും മറ്റ് രണ്ട് ബോർഡ് അംഗങ്ങളെയും സി.ഇ.ഒയെയും ക്രിമിനൽ വിചാരണക്ക് വിടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, ഫണ്ട് ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

ആഭ്യന്തര മന്ത്രാലയത്തിലെ നാഷനൽ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് സെന്ററിൽ നിന്ന് ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചത്. വ്യാജരേഖകൾ ഉപയോഗിച്ച് നിക്ഷേപകരെ കബളിപ്പിക്കുകയും അവരുടെ പണം തട്ടിയെടുക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

അന്വേഷണത്തിൽ, കമ്പനി സി.ഇ.ഒയും രണ്ട് ബോർഡ് അംഗങ്ങളും തട്ടിപ്പിന് കൂട്ടുനിന്നതായി കണ്ടെത്തി. കമ്പനി ഉടമയെ സഹായിക്കുന്നതിനായി തങ്ങളുടെ അധികാരപരിധിയിലുള്ള നടപടികൾ ഇവർ ദുരുപയോഗം ചെയ്തു. വ്യാജ ഇടപാടുകളിലൂടെ നിരവധി നിക്ഷേപകരിൽ നിന്ന് പണം തട്ടിയെടുക്കാൻ ഇത് ഉടമയെ സഹായിച്ചു. കമ്പനി ഉടമയുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ സംബന്ധിച്ച് നാഷണൽ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് സെന്ററിന് സാമ്പത്തിക റിപ്പോർട്ട് ലഭിച്ചിരുന്നു.

വ്യാജ ചെക്കുകൾ നൽകുക, അനധികൃതമായി പണം പിൻവലിക്കുകയും നിക്ഷേപിക്കുകയും ചെയ്യുക, കരാറുകളിൽ രേഖപ്പെടുത്താത്ത പേയ്‌മെന്റുകൾ നടത്തുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രവർത്തനങ്ങളിലൂടെ കമ്പനി ഉടമ നിക്ഷേപകരുടെ പണം നിയമവിരുദ്ധമായി സ്വന്തമാക്കിയെന്ന് സെന്ററിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.

പ്രോസിക്യൂഷൻ നടത്തിയ തുടർ അന്വേഷണങ്ങളിൽ, പ്രധാന പ്രതിയായ കമ്പനി ഉടമ തന്റെ പദവി ദുരുപയോഗം ചെയ്ത് വ്യാജ ഇടപാടുകൾ അവതരിപ്പിച്ച് നിക്ഷേപകരെ വഞ്ചിച്ചതായി സ്ഥിരീകരിച്ചു. വ്യാജ വാണിജ്യ രേഖകൾ ഉപയോഗിച്ച് ധനസഹായം ആവശ്യമുള്ള ഉടമസ്ഥരുടെ പേരുകൾ ഉപയോഗിച്ച്, ഈ ഇടപാടുകൾക്ക് അംഗീകാരം നേടുകയും അതുവഴി 60 ലക്ഷം ബി.ഡിയിലധികം തട്ടിയെടുക്കുകയും ചെയ്തു. കൂടാതെ, സി.ഇ.ഒയും ബോർഡ് അംഗങ്ങളും രണ്ട് ഇടപാടുകൾക്ക് സൗകര്യമൊരുക്കി. ഇവയുടെ യഥാർത്ഥ സ്വഭാവം നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ച്, ഉടമയ്ക്ക് ഫണ്ട് കൈക്കലാക്കാൻ അവസരം നൽകി.

Tags:    
News Summary - Case of cheating investors and embezzling 6 million dinars: Public Prosecution orders release of investment company officials for criminal trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.