കടലിൽ ചത്ത നിലയിൽ കണ്ടെത്തിയ കന്നുകാലിയുടെ ജഡം
മനാമ: ബഹ്‌റൈനിലെ ഹൈർ ശത്യ്യ പവിഴ ശേഖരണ കേന്ദ്രത്തിന് സമീപം കടലിൽ ചീഞ്ഞളിയാൻ തുടങ്ങിയ കാളയുടെ ജഡം കണ്ടെത്തി. കടലിൽ ഒഴുകിനടന്നത് മനുഷ്യന്റെ മൃതദേഹമാണെന്ന് ഭയന്ന മത്സ്യത്തൊഴിലാളികൾ അടുത്ത് ചെന്നപ്പോഴാണ് കാളയുടെ ജഡമാണെന്ന് മനസ്സിലാക്കിയത്. ഇത്തരത്തിൽ നാല് കന്നുകാലികളുടെ ജഡമാണ് കടലിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയത്.
മുത്തുചിപ്പി ശേഖരിക്കാൻ പോവുകയായിരുന്ന സംഘമാണ് വെള്ളത്തിന് മുകളിലായി പന്തികേടിൽ എന്തോ പൊങ്ങിക്കിടക്കുന്നത് കണ്ടതെന്ന് അലി ഇബ്രാഹിം അൽ ഖുദ്രി പറഞ്ഞു. ഏകദേശം അഞ്ച് കിലോമീറ്റർ അകലെവെച്ചാണ് ഈ കാഴ്ച കണ്ടത്. രണ്ട് കിലോമീറ്റർ അകലത്തുനിന്ന് നോക്കിയപ്പോൾ ഇതൊരു മനുഷ്യന്റെ മൃതദേഹമാണെന്നാണ് സംഘം ഭയപ്പെട്ടത്.
തുടർന്ന് ബോട്ട് ഇതിലേക്ക് അടുപ്പിച്ച് നോക്കിയപ്പോഴാണ് ജീവനറ്റ നിലയിലുള്ള കാളയുടെ ജഡമാണെന്ന് മനസ്സിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തയതിന് ശേഷം സംഘം തങ്ങളുടെ യാത്ര തുടർന്നു. തുടർന്ന് ഉച്ചയോടെ കരയിലേക്ക് മടങ്ങി വരുന്നതിനിടയിൽ സമാനമായ രീതിയിൽ മറ്റ് മൂന്ന് കന്നുകാലികളുടെ ജഡങ്ങൾ കൂടി കടലിൽ ഒഴുകുന്നത് കണ്ടതായി അലി ഇബ്രാഹിം അൽ ഖുദ്രി വ്യക്തമാക്കി. ഈ മൃഗങ്ങൾ എവിടെനിന്നാണ് വന്നതെന്നോ കടലിൽ എങ്ങനെ എത്തിപ്പെട്ടെന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഏതെങ്കിലും കന്നുകാലികളെ കൊണ്ടുപോകുന്ന കപ്പലിൽ നിന്ന് യാത്രയ്ക്കിടയിൽ രോഗബാധയെ തുടർന്ന് ചത്തതോ, അതല്ലെങ്കിൽ കപ്പലിൽ നിന്ന് കടലിലേക്ക് വീണതോ വലിച്ചെറിഞ്ഞതോ ആകാം ഇവയെന്നാണ് അനുമാനിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അന്വേഷണങ്ങളോ തിരച്ചിലുകളോ നടത്തുന്നതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.