മനാമ: ബഹ്‌റൈനിൽ സാധാരണ കടലാസുകളിൽ മയക്കുമരുന്ന് ലായനി ചേർത്ത് വിതരണം ചെയ്യുന്ന പുതിയ രീതിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. പ്രിന്റർ പേപ്പറുകളിലും എഫോർ ഷീറ്റുകളിലും മയക്കുമരുന്ന് കലർത്തിയ രാസലായനികൾ ഒഴിച്ച് ഉണക്കിയെടുത്താണ് വിൽപ്പന നടത്തുന്നതെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ 'അൽ അമൻ' എന്ന സോഷ്യൽ മീഡിയ പരിപാടിയിലൂടെയാണ് ഈ പുതിയ കെണിയെക്കുറിച്ച് അദ്ദേഹം ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയത്.
സാധാരണ പേപ്പർ പോലെ തോന്നിക്കുമെങ്കിലും മാരകമായ വിഷാംശങ്ങളും രാസവസ്തുക്കളും നിറഞ്ഞതാണ് ഈ കടലാസുകളെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കടലാസുകൾ ചെറിയ കഷ്ണങ്ങളാക്കി പൈപ്പുകളിൽ വെച്ചോ പുകയിലയ്‌ക്കൊപ്പം ചേർത്തോ ആണ് ലഹരിക്ക് ഉപയോഗിക്കുന്നത്. കാഴ്ചയിൽ സാധാരണ കടലാസായി തോന്നുന്നതിനാൽ ജയിലുകളിലും വിദ്യാലയങ്ങളിലും പരിശോധനകൾ വെട്ടിച്ച് ഇത് എത്തിക്കാൻ എളുപ്പമാണ്.
വീട്ടിലെ മുറികളിലോ വാഹനങ്ങളിലോ ഫോൺ കവറുകൾക്കുള്ളിലോ ഇത്തരം പേപ്പറുകൾ കണ്ടാൽ അത് വെറും കടലാസാണെന്ന് കരുതി അവഗണിക്കരുതെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എണ്ണമയമുള്ളതോ ചെറിയ കഷ്ണങ്ങളാക്കിയതോ ആയ പേപ്പറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കണം. വലിയ എഫോർ ഷീറ്റുകൾ ഇത്തരത്തിൽ കണ്ടെത്തുകയാണെങ്കിൽ ആ വീട്ടിൽ മയക്കുമരുന്ന് വിൽപനക്കാരൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇത്തരം സിന്തറ്റിക് മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർ അക്രമാസക്തരാകാനും കുടുംബാംഗങ്ങളോട് മോശമായി പെരുമാറാനുമുള്ള സാധ്യത കൂടുതലാണ്. ഇത്തരം മാരക ലഹരിവസ്തുക്കൾ വിൽക്കുന്നവർക്കെതിരെ ബഹ്റൈൻ പോലീസ് കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. അടുത്തിടെ ഇത്തരത്തിൽ കടലാസിൽ മയക്കുമരുന്ന് കടത്തിയ രണ്ട് പേർക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
മറ്റൊരു കേസിൽ പിടിയിലായ പ്രവാസി യുവാവിന് 10 വർഷം തടവും 5000 ദീനാർ പിഴയും ശിക്ഷ ലഭിച്ചു. മയക്കുമരുന്ന് കടത്തെയോ വിതരണത്തെയോ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 996 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ ഇമെയിൽ വഴിയോ അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ രഹസ്യസ്വഭാവം പൂർണ്ണമായും സൂക്ഷിക്കുമെന്നും മന്ത്രാലയം ഉറപ്പുനൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.