സേവനങ്ങൾ പരിഷ്കരിച്ച് എൻ.എച്ച്.ആർ.എ

മനാമ: സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ബഹ്‌റൈൻ സർക്കാർ ശ്രമങ്ങളുടെ ഭാഗമായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ ) രജിസ്ട്രേഷൻ സേവനങ്ങൾ പരിഷ്കരിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാകും. പുതിയ പരിഷ്കാരത്തിലൂടെ ആരോഗ്യ ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം 20 പ്രവൃത്തിദിവസങ്ങളിൽ നിന്ന് 15 ദിവസമായി കുറഞ്ഞു. അപേക്ഷ സമർപ്പിക്കുക, രേഖകൾ അപ്‌ലോഡ് ചെയ്യുക, ഫീസ് അടയ്ക്കുക, ബന്ധപ്പെട്ട വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം അനുമതി പത്രം കൈപ്പറ്റുക എന്നിങ്ങനെ ലളിതമായ നാല് ഘട്ടങ്ങളിലൂടെ ഇനി നടപടികൾ പൂർത്തിയാക്കാം. ‘അദ്‌വിയ’ എന്ന ഡിജിറ്റൽ സംവിധാനം വഴിയാണ് അനുമതി പത്രങ്ങൾ ലഭ്യമാക്കുന്നത്.

ആരോഗ്യ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇലക്ട്രോണിക് വെരിഫിക്കേഷൻ സംവിധാനം വഴി വിവരങ്ങളുടെ കൃത്യതയും അതോറിറ്റി ഉറപ്പുവരുത്തുന്നുണ്ട്. നൂതന ഡിജിറ്റൽ പരിഹാരങ്ങളിലൂടെ ആരോഗ്യരംഗത്തെ സേവന നിലവാരം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.

ദേശീയ പരാതി പരിഹാര പ്ലാറ്റ്‌ഫോമായ 'തവാസുൽ' വഴിയുള്ള നിർദ്ദേശങ്ങളും നിക്ഷേപകരുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയത്.

സർക്കാർ സേവനങ്ങളെ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ 800-ഓളം സേവനങ്ങളാണ് നിലവിൽ പുനർനിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ഡിജിറ്റൽ പരിവർത്തനത്തിലൂടെ കമ്പനികൾക്കും ഏജന്റുമാർക്കും കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച സേവനം ഉറപ്പാക്കാൻ ഈ നീക്കം സഹായകമാകും.

Tags:    
News Summary - NHRA revamps its services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.