മനാമ: ഫെബ്രുവരി 28 മുതൽ രാജ്യത്തിന് നേരെയുണ്ടായ ഇറാന്റെ വ്യോമാക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച ബഹ്‌റൈൻ സൈനികരെ അഭിനന്ദിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ. കമാൻഡർ ഇൻ ചീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സൈനിക യോഗത്തിലാണ് അഭിനന്ദനം അറിയിച്ചത്. ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ദിയാബ് ബിൻ സഖർ അൽ നുഐമി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിന്റെ വിവിധ വിഭാഗങ്ങളുടെ യുദ്ധസന്നദ്ധതയും പ്രതിരോധ സംവിധാനങ്ങളും യോഗം വിലയിരുത്തി. രാജ്യത്തെ സൈനിക വിഭാഗങ്ങൾ നിലവിൽ ഏറ്റവും ഉയർന്ന കരുത്തിലും തയ്യാറെടുപ്പിലുമാണെന്ന് കമാൻഡർ ഇൻ ചീഫ് വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകളും ഡ്രോണുകളും തകർക്കാൻ ബഹ്‌റൈൻ വ്യോമപ്രതിരോധ സേനയ്ക്ക് സാധിച്ചു. സൈന്യത്തിന്റെ ഉയർന്ന പ്രൊഫഷണലിസവും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുടെ കരുത്തുമാണ് ഇതിലൂടെ തെളിയിക്കപ്പെട്ടതെന്ന് കമാൻഡർ ഇൻ ചീഫ് ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ സൈന്യം കാണിക്കുന്ന അർപ്പണബോധത്തെ അദ്ദേഹം പ്രകീർത്തിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നിരന്തരമായ പിന്തുണയാണ് സൈന്യത്തിന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും നാളുകളിലും രാജ്യസുരക്ഷ ഉറപ്പാക്കാൻ സദാ സജ്ജരായിരിക്കാൻ സൈനികർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.