മഹാത്മ ഗാന്ധിയുടെ 150ാം ജന്മ വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലെ പരിപാടിയിൽനിന്ന്
മനാമ: മഹാത്മ ഗാന്ധിയുടെ 150ാം ജൻമ വാർഷികാഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം. സമാപനത്തിെൻറ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ ഗ്രാൻഡ് ഫിനാലെ പരിപാടി സംഘടിപ്പിച്ചു. 'സമകാലിക ലോകത്ത് മഹാത്മാ ഗാന്ധിയുടെ പ്രസക്തി' എന്ന വിഷയത്തിൽ ഒാൺലൈനിൽ നടന്ന സമാപന പരിപാടി ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ വിദ്യാർഥികൾ ആലപിച്ച മഹാത്മാ ഗാന്ധിയുടെ പ്രിയ ഭജനയോടെയാണ് ആരംഭിച്ചത്.അംബാസഡർ പീയൂഷ് ശ്രീവാസ്തവ സ്വാഗത പ്രസംഗം നടത്തി. ആഘോഷ പരിപാടികളുടെ സവിശേഷതകൾ അദ്ദേഹം വിശദീകരിച്ചു. രണ്ട് വർഷത്തോളം നീണ്ട പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നൽകിയ പിന്തുണക്ക് ബഹ്റൈൻ സർക്കാറിന് അദ്ദേഹം നന്ദി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറി തൗഫീഖ് അഹ്മദ് ഖലീൽ അൽ മൻസൂർ മുഖ്യാതിഥിയായി.
മുൻ തൊഴിൽ മന്ത്രിയും ശൂറ കൗൺസിൽ അംഗവും ഗാന്ധിയൻ പണ്ഡിതനുമായ ഡോ. അബ്ദുൽ നബി അൽ ശോല മുഖ്യപ്രഭാഷണം നടത്തി.നാഷനൽ ഗാന്ധി മ്യൂസിയം മുൻ ഡയറക്ടർ ഡോ. വർഷ ദാസ് ഗാന്ധിയുടെ തത്ത്വചിന്തയെക്കുറിച്ച് പ്രഭാഷണം നടത്തി. യൂനിവേഴ്സിറ്റി ഒാഫ് ബഹ്റൈൻ വൈസ് പ്രസിഡൻറ് ഡോ. വഹീബ് ഇസ്സ അൽ നാസർ, ന്യൂ മിലേനിയം സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ എന്നിവർ സംസാരിച്ചു.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ, പെയിൻറിങ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഉപന്യാസ മത്സരത്തിൽ 9 -12 ഗ്രേഡുകളിലെ ഇന്ത്യൻ വിദ്യാർഥികളുടെ വിഭാഗത്തിൽ ഫഹ്മിയ അബ്ദുൽ റഹ്മാൻ ഒന്നാം സ്ഥാനവും സാധന രാജേന്ദ്ര ഹെഗ്ഡെ രണ്ടാം സ്ഥാനവും അഞ്ജുശ്രീ സുധാകരൻ മൂന്നാം സ്ഥാനവും നേടി. 21 വയസ്സുവരെയുള്ള യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ (ഇന്ത്യക്കാർ) വിഭാഗത്തിൽ മുഹമ്മദ് ജസീർ ഒന്നാം സ്ഥാനവും അമീഷ ടി. സുധീർ രണ്ടാം സ്ഥാനവും സ്റ്റീഫൻ പി. കല്ലറക്കൽ മൂന്നാം സ്ഥാനവും നേടി. വിദേശ പൗരൻമാരുടെ വിഭാഗത്തിൽ (ഗ്രേഡ് 9 -12) തസ്നീം ഷിറാജ് ഒന്നാം സഥാനവും ഫാത്തിമ രിസ്വി രണ്ടാം സ്ഥാനവും സൈനബ് സൽമാൻ ഹംസ, ഇബ്രാഹിം അഹ്മദ് സലേഹ് എന്നിവർ മൂന്നാം സ്ഥാനവും നേടി. യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ വിഭാഗത്തിൽ ഫെമി അന്ന ഇവാനാണ് ഒന്നാം സ്ഥാനം.
പെയിൻറിങ് മത്സരത്തിൽ 10 -18 വിഭാഗത്തിൽ ദീപാൻഷു ഒന്നാം സ്ഥാനവും മുജീബ് റഹ്മാൻ രണ്ടാം സ്ഥാനവും സാംബവി ഝാ മൂന്നാം സ്ഥാനവും നേടി. 19 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ അമൃത സന്ദീപ് ബാബർ ഒന്നും സൗന്ദര്യ അറിവുദൈ രണ്ടും രോഷ്നി രാജു കാരിയിൽ മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.