മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി
പുസ്തകമേളയിൽ
ബഹ്റൈൻ: മുഹറഖിലെ ദാർ അൽ-അമാമറയിൽ സംഘടിപ്പിച്ച രണ്ടാമത് പുസ്തകമേള മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി ഉദ്ഘാടനം ചെയ്തു. ബഹ്റൈന്റെ സാംസ്കാരിക ഭൂപടത്തിൽ ഈ മേള സുപ്രധാനമായതാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ബൗദ്ധികവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യത്തിനുള്ള താൽപര്യമാണ് ഇത്തരം മേളകളിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ ചരിത്രകാരനും കവിയുമായ മുബാറക് ബിൻ അമ്ര് അൽ-അമ്മാരിയുടെ വിപുലമായ ശേഖരമാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇരുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള അപൂർവ കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും മാസികകളും ഈ ശേഖരത്തിലുണ്ട്. ഗവേഷകർക്കും ചരിത്ര വിദ്യാർഥികൾക്കും വലിയ മുതൽക്കൂട്ടാണ് ഈ പ്രദർശനമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.
വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ വളർന്നുവരുന്ന അവബോധമാണ് മേളയുടെ രണ്ടാം പതിപ്പിന്റെ വിജയത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. മുഹറഖിലെ ദാർ അൽ-അമാമറയിൽ വെച്ച് നടക്കുന്ന പ്രദർശനം ജനുവരി മൂന്നു മുതൽ ജനുവരി 10 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പുസ്തകപ്രേമികളെയും പണ്ഡിതന്മാരെയും മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി മുബാറക് ബിൻ അമ്ര് അൽ-അമ്മാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.