കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്സിൽ നടന്ന ബി.കെ.എസ് ഹാർമണിയിൽ നിന്ന്

പ്രൗഢോജ്വലമായി ബി.കെ.എസ് ഹാർമണി; ബഹ്റൈനിലെ ആയിരത്തോളം മുൻ പ്രവാസികളും നിലവിൽ പ്രവാസജീവിതം നയിക്കുന്നവരും പങ്കെടുത്തു

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെയും തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹ്‌റൈൻ മലയാളി പ്രവാസി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമാജം മെമ്പർമാരുടെയും ബഹ്‌റൈൻ പ്രവാസികളുടെയും കേരളത്തിലെ വാർഷിക ഒത്തുചേരലായ ബി.കെ.എസ് ഹാർമണി 2025 കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്സിൽ വെച്ച് നടന്നു. ഉച്ചയ്ക്ക് മൂന്നു മുതൽ ആരംഭിച്ച് രാത്രി പത്തുവരെ നടന്ന പ്രവാസി സംഗമത്തിൽ ബഹ്റൈനിലെ ആയിരത്തോളം മുൻ പ്രവാസികളുടെയും നിലവിൽ പ്രവാസജീവിതം നയിക്കുന്നവരുടെയും കുടുംബാംഗങ്ങൾ പങ്കെടുത്തു.

സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്ഘാടന സമ്മേളനം മുൻ അംബാസഡർ അജയ് കുമാർ അമ്പാൻ, മുൻ മന്ത്രി ഇ.പി ജയരാജൻ, നോർക്ക പ്രതിനിധി പ്രകാശ് പി. ജോസഫ്, പത്മശ്രീ ജി ശങ്കർ, മുൻ പ്രവാസി അംഗം സുബൈർ കണ്ണൂർ തുടങ്ങിയവർ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ഹാർമണി ജനറൽ കൺവീനർ മാരായ സോമരാജൻ തറോളും സുനേഷ് സാസ്കോ, മോഹൻ രാജ് പി.എൻ എന്നിവരും സന്നിഹിതരായിരുന്നു. സമാജം സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു.

സംഗമത്തിൽ വെച്ച് ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ ആയ മൾബെറിയുടെ പ്രകാശന കർമ്മം എഴുത്തുകാരൻ ടി. പദ്മനാഭൻ നിർവഹിക്കുന്നു

സംഗമത്തിൽ വച്ച് മുൻ ബഹ്‌റൈൻ പ്രവാസിയും സമാജം അംഗവും പ്രശസ്ത സാഹിത്യകാരനുമായ ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ ആയ 'മൾബെറി'യുടെ പ്രകാശന കർമ്മം എഴുത്തുകാരൻ ടി പദ്മനാഭൻ നിർവഹിച്ചു. എം. മുകുന്ദൻ, പത്മശ്രീ ജി ശങ്കർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബെന്യാമിൻ മറുപടി പ്രസംഗം നിർവ്വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, കെ.വി സുമേഷ് എം.എൽ.എ, മുൻ എം.പി രമ്യാ ഹരിദാസ്, കൃഷ്ണ ബീച്ച് റിസോർട്സ് മാനേജിങ് പാർട്ട്നർ ഡോ. സി.വി രവീന്ദ്രനാഥ് തുടങ്ങിയ നിരവധി രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ സംഗമത്തിൽ പങ്കെടുത്തു.

വിജയകരമായ തിരുവനന്തപുരം, തൃശ്ശൂർ സംഗമങ്ങൾക്ക് ശേഷം കണ്ണൂരിൽ നടന്ന മൂന്നാമത് ബി.കെ.എസ് ഹാർമണി 2025 കുടുംബാംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് കൂടുതൽ ശ്രദ്ധേയമായി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി ചികിത്സാ ഫണ്ടും വിതരണം ചെയ്തു. മറ്റു ചികിത്സാ ധന സമാഹരണ പദ്ധതികൾക്കും സംഗമത്തിൽ തുടക്കം കുറിച്ചു. ശ്രീകുമാർ നയിച്ച ഹാർമണി കുടുംബാംഗങ്ങളുടെ സംഗീത വിരുന്നും ഐശ്വര്യ രഞ്ജിത്തിന്റെ നൃത്തനൃത്യവും സംഗമത്തിന് നിറം പകർന്നു.



Tags:    
News Summary - BKS Harmony was a grand success; around a thousand former expatriates and current expatriates from Bahrain participated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.