മനാമ: ബഹ്റൈന്റെ സമ്പദ്വ്യവസ്ഥയിൽ ഈ വർഷം 2.7 ശതമാനവും 2026ൽ 3.3 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നതായി അറബ് മോണിറ്ററി ഫണ്ടിന്റെ (എ.എം.എഫ്) റിപ്പോർട്ട്. സാമ്പത്തിക വളർച്ച പ്രധാനമായും എണ്ണ ഇതര മേഖലകളെ അടിസ്ഥാനമാക്കിയാണ്. രാജ്യത്തിന്റെ ഭൂരിഭാഗം ഉൽപാദനവും ഈ മേഖലയിൽ നിന്നാണ്. റോഡുകൾ, യൂട്ടിലിറ്റികൾ, ലോജിസ്റ്റിക്സ്, ആധുനിക ധനകാര്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളാണ് ഈ വളർച്ചക്ക് പ്രധാനമായും സഹായിക്കുന്നത്. 2021 ഒക്ടോബറിൽ ആരംഭിച്ച സാമ്പത്തിക പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായാണ് ഈ വികസനങ്ങൾ.
ടൂറിസം, ടെലികോം, വ്യവസായം, പാർപ്പിടം, വിദ്യാഭ്യാസം, യുവജന-കായിക മേഖലകൾ എന്നിവയിലായി 30 ബില്യൺ ഡോളറിലധികം വരുന്ന പദ്ധതികളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സമ്പദ്വ്യവസ്ഥയുടെ അടിത്തറ വികസിപ്പിക്കുന്നതിനും ഐ.സി.ടി, ലോജിസ്റ്റിക്സ്, സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ ജി.ഡി.പിയിലെ പങ്ക് ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ നയങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്. എണ്ണ, അലുമിനിയം, ടൂറിസം എന്നിവയിൽ നിന്നുള്ള വിദേശനാണ്യ വരുമാനത്തിന്റെ പിൻബലത്തിൽ രാജ്യത്തിന്റെ കറന്റ് അക്കൗണ്ടിൽ ആരോഗ്യകരമായ മിച്ചം നിലനിർത്താൻ കഴിയുമെന്നും പ്രവചിക്കപ്പെടുന്നു.
അറബ് ലോകത്ത് മൊത്തത്തിൽ 2024ൽ 2.2 ശതമാനമായിരുന്ന വളർച്ചനിരക്ക് 2025ൽ 3.8 ശതമാനമായും 2026ൽ 4.3 ശതമാനമായും ഉയരുമെന്നാണ് എ.എം.എഫ് റിപ്പോർട്ട്. കൂടാതെ, ഗൾഫ് രാജ്യങ്ങളിലെ വളർച്ചനിരക്ക് 2024ലെ 2.2 ശതമാനത്തിൽനിന്ന് 2025ൽ 4.0 ശതമാനമായും 2026ൽ 4.4ശതമാനമായും വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതിന് എണ്ണ ഇതര മേഖലകൾ പ്രധാന പങ്ക് വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.