രണ്ട് വർഷം മുമ്പ് വിശുദ്ധ റമദാനിൽ തുർക്കിയയുടെ ഹൃദയനഗരമായ ഇസ്താംബൂളിൽ ചെലവഴിച്ച എട്ട് ദിവസത്തെ നോമ്പുകാലം ഇന്നും മനസ്സിൽ മായാതെ വലിയൊരു അനുഭൂതിയായി നിലകൊള്ളുന്നു. കുടുംബത്തോടൊപ്പം ചെലവഴിച്ച ആ ദിനങ്ങൾ, നോമ്പിന്റെ ആത്മീയതയും ഒരു മഹാനഗരത്തിന്റെ പൗരാണികതയും ഒന്നിച്ചുചേർന്ന അപൂർവ അനുഭവമായി മാറി.
തണുപ്പും ഇടയ്ക്കിടെ പെയ്ത മഴയും ചേർന്ന കാലാവസ്ഥയിൽ നോമ്പിന്റെ കാഠിന്യം വളരെ ലളിതമായി അനുഭവപ്പെട്ടു. വ്രതമെടുത്ത് നഗരവീഥികളിലൂടെ നടത്തിയ നടപ്പുകളും ട്രാം യാത്രകളും, ശതാബ്ദങ്ങൾക്കപ്പുറം പൗരാണിക നിർമ്മാണ ചാതുരിയാൽ ഉയർന്നുനിൽക്കുന്ന പള്ളികളിലെ പ്രാർത്ഥനകളും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ഓർമ്മകളാണ്.
ഇസ്താംബൂളിന്റെ പ്രത്യേകത അതിന്റെ സാംസ്കാരിക സമന്വയത്തിലാണ്. റസ്റ്റാറന്റുകൾ പതിവുപോലെ തുറന്നുകിടക്കുകയും, ജനങ്ങൾ നോമ്പുകാലത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്ന കാഴ്ചകൾ നഗരത്തിന്റെ ആധുനികതയെയാണ് സൂചിപ്പിക്കുന്നതായി മനസ്സിലാക്കാം.. അതേസമയം, പാരമ്പര്യത്തെ ചേർത്തുപിടിച്ചുകൊണ്ട് വിശുദ്ധ റമദാനെ വരവേൽക്കുന്ന തുർക്കികളുടെ മനോഭാവം മറ്റൊരു വശം തുറന്ന് കാണിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റമദാൻ സന്ദേശങ്ങളോടുകൂടിയ ബാനറുകൾ ആത്മീയത ഓർമിപ്പിക്കുന്നു.
“മസ്ജിദുകളുടെ നാട്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്താംബൂളിൽ, പള്ളികളിൽ സമൂഹ നോമ്പുതുറകൾ ഒരുക്കുന്നത് സാധാരണ കാഴ്ചയാണ്. ഖുർആൻ പാരായണത്തിന്റെ മാധുര്യവും, വട്ടമിരുന്നു നടക്കുന്ന ക്ലാസ്സുകളും, തറാവീഹ് നമസ്കാരത്തിലെ ഈണത്തിലുള്ള പാരായണവും എല്ലാം ചേർന്ന് ആത്മാവിനെ സ്പർശിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു. ചില പള്ളി പരിസരങ്ങളിൽ പകൽ സമയങ്ങളിൽ സൂഫി സംഗീതക്കച്ചേരികൾ അരങ്ങേറുന്നത് ആത്മീയതയ്ക്ക് സംഗീതത്തിന്റെ മൃദുലത ചേർക്കുന്നു.
വിശുദ്ധ മാസത്തിൽ പേര് കേട്ട ഹാഗിയ സോഫിയയുടെയും ബ്ലൂ മോസ്കിൻ്റെയും പരിസരങ്ങൾ പ്രത്യേക സജീവത കൈവരിക്കുന്നു. പുൽത്തകിടികളിൽ കുടുംബങ്ങൾ പരവതാനി വിരിച്ച്, പ്രത്യേക വിഭവങ്ങളുമായി കൂട്ടമായി ഇരുന്ന് ഇഫ്താർ കഴിക്കുന്ന കാഴ്ച ഹൃദയം നിറയ്ക്കുന്നതാണ്. സമീപത്തെ റസ്റ്ററന്റുകളും കഫേകളും നോമ്പുതുറ സമയത്ത് നിറഞ്ഞു കവിയുന്നു.
റോഡരികിലെ ബേക്കറികളിൽ തുർക്കികളുടെ പാരമ്പര്യ വിഭവങ്ങൾ സുലഭമാണ്. തണുത്ത രാത്രികളിൽ ചൂടോടെ ലഭിക്കുന്ന തുർക്കിഷ് പാസ്ട്രികളും കേക്കുകളും രുചിക്കുന്നതും മറക്കാനാവാത്ത അനുഭവമാണ്. സാധാരണയായി യൂറോപ്യൻ രാജ്യങ്ങളെപ്പോലെ കടകമ്പോളങ്ങൾ നേരത്തെ അടയ്ക്കുന്ന ഇസ്താംബൂൾ, റമദാനിൽ രാത്രിയിലും സജീവമാകുന്നു.
ആധുനികതയും ആത്മീയതയും കൈകോർക്കുന്ന ഈ നഗരത്തിൽ റമദാൻ ഒരു ആഘോഷമല്ല, ഒരു അനുഭവമാണ്. ഇസ്‌ലാമുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും സമൂഹപ്രാർത്ഥനകളും ചേർന്ന് ഇസ്താംബൂളിലെ നോമ്പുകാല സന്ദർശനം ഇന്നും ഓർമ്മയിൽ ഒളിമങ്ങാതെ നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.