ഈജിപ്തിലേക്ക് പോകുന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ യാത്രയാക്കുന്നു
മനാമ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന ഷർറം അൽ ശൈഖ് സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കഴിഞ്ഞ ദിവസം രാത്രി ഈജിപ്തിലെത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
യാത്ര പുറപ്പെടുന്നതിന് മുമ്പ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഈജിപ്ഷ്യൻ അംബാസഡർ രിഹാം ഖലീൽ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.
അതേസമയം, ഈ അന്താരാഷ്ട്ര ഉച്ചകോടിക്ക് ഈജിപ്ഷ്യൻ പ്രസിഡൻറ് അൽ സീസിയും യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും സംയുക്തമായി അധ്യക്ഷത വഹിക്കുമെന്ന് ഈജിപ്ത് പ്രഖ്യാപിച്ചു. ഇരുപതിലധികം രാജ്യങ്ങളിലെ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.
മിഡിൽ ഈസ്റ്റ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, ഗസ്സ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനം, സുസ്ഥിരത, സുരക്ഷ എന്നിവ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് മുന്നേറ്റം നൽകുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.