യു.എന്നിൽ സംസാരിക്കുന്ന ബഹ്റൈൻ ആഭ്യന്തരമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനി
വെറുപ്പ് പ്രചരിപ്പിക്കാൻ അഭിപ്രായസ്വാതന്ത്ര്യം മറയാക്കരുത്- ബഹ്‌റൈൻ വിദേശകാര്യ മന്ത്രി
മനാമ: അഭിപ്രായസ്വാതന്ത്ര്യവും ആശയപ്രകടന സ്വാതന്ത്ര്യവും മൗലികാവകാശമാണെങ്കിലും, അത് വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനുള്ള മറയാക്കി മാറ്റരുതെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനി വ്യക്തമാക്കി. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് സംഘടിപ്പിച്ച മതസൗഹാർദ്ദ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി അക്രമവും തെറ്റായ വിവരങ്ങളും അതിവേഗം പ്രചരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. വെറുപ്പും വിദ്വേഷപ്രസംഗങ്ങളും തടയുന്നത് വെറും വാഗ്ദാനങ്ങളിൽ ഒതുങ്ങാതെ മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിലേക്കും അക്രമങ്ങൾ തടയുന്നതിലേക്കും വളരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്‌റൈൻ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കും 'റബാത്ത് പ്ലാൻ ഓഫ് ആക്ഷൻ' തത്ത്വങ്ങൾക്കും വിധേയമായിട്ടായിരിക്കണം അതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വിവിധ മതങ്ങളിൽപെട്ട ആരാധനാലയങ്ങളുടെ സാന്ദ്രതയിൽ ലോകത്ത് ഏറ്റവും മുന്നിലുള്ള രാജ്യമെന്ന ഗിന്നസ് ലോക റെക്കോർഡ് ഈ വർഷം ജനുവരി 28-ന് ബഹ്‌റൈന് ലഭിച്ചത് സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മതപരവും വംശീയവുമായ വിദ്വേഷപ്രസംഗങ്ങൾ കുറ്റകരമാക്കാനും ഡിജിറ്റൽ മാധ്യമങ്ങളുടെ ദുരുപയോഗം തടയാനുമായി ഒരു അന്താരാഷ്ട്ര കൺവെൻഷൻ കൊണ്ടുവരണമെന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആഹ്വാനം അദ്ദേഹം ആവർത്തിച്ചു. മൊറോക്കൻ വിദേശകാര്യ മന്ത്രി നാസർ ബൂരീറ്റ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യുഎൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരെസ് അൽ റുവൈഇ ഉൾപ്പെടെയുള്ള ബഹ്‌റൈൻ പ്രതിനിധി സംഘവും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.