ഇസ്രായേൽ കസ്റ്റഡിയിലുള്ള ബഹ്‌റൈൻ പൗരന്മാരുടെ മോചനം; നടപടി സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം

മനാമ: ഇസ്രായേൽ കസ്റ്റഡിയിലുള്ള ഗസ്സയിലെ ജനങ്ങൾക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല കപ്പലുകളിലുണ്ടായിരുന്ന ബഹ്റൈൻ പൗരന്മാരുടെ വിഷയത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം സജീവമായി ഇടപെടുന്നുവെന്ന് റിപ്പോർട്ട്. മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ പൗരന്മാർക്കൊപ്പം കസ്റ്റഡിയിലെടുത്ത ബഹ്‌റൈനികളുടെ സ്ഥിതിഗതികൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ടെൽ അവീവിലെ ബഹ്‌റൈൻ എംബസി ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുന്നുണ്ടെന്ന് എംബസി ഉറപ്പാക്കുന്നു. വിദേശത്തുള്ള ബഹ്‌റൈൻ പൗരന്മാരുടെ ക്ഷേമത്തിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും, സാഹചര്യം ഉടൻ പരിഹരിക്കുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആഗസ്റ്റ് 31ന് സ്​പെയിനിലെ വിവിധ തുറമുഖങ്ങൾ, തുനീഷ്യ തലസ്ഥാനമായ തൂനിസ്, ഇറ്റലിയിലെ സിസിലി എന്നിവിടങ്ങളിൽനിന്നായി പുറപ്പെട്ട 44 ചെറുകപ്പലുകളാണ് ഇസ്രാ​യേൽ പിടികൂടിയത്. കപ്പലിൽ 40ലധികം രാജ്യങ്ങളിൽ നിന്നായി 500ഓളം ആക്ടിവിസ്റ്റുകളാണ് ഉണ്ടായിരുന്നത്. പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ്, ഫ്രാൻസിൽ നിന്നുള്ള യൂറോപ്യൻ യൂനിയൻ പാർലമെന്റ് അംഗം എമ്മ ഫോറ്യൂ, ബാഴ്സലോണ മേയർ അഡാ കോലോവ് തുടങ്ങിയവരുണ്ട്. തുർക്കിയുടെ നാല് പാർലമെന്റ് അംഗങ്ങളും സംഘത്തിലുണ്ട്. പിടികൂടിയ ആക്ടിവിസ്റ്റുകളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, കപ്പൽ വ്യൂഹത്തെ തടഞ്ഞതിൽ ലോകമാകെ പ്രതിഷേധമുയരുകയാണ്. ഗസ്സയിലേക്കുള്ള സഹായക്കപ്പലുകൾ തടഞ്ഞതിനെ ഭീകരകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായുമൊക്കെയാണ് സ്​പെയിൻ, കൊളംബിയ, ഇറ്റലി തുടങ്ങിയ ലോകരാജ്യങ്ങൾ വിലയിരുത്തിയത്.

Tags:    
News Summary - Bahraini citizens in Israeli custody release; Ministry of Foreign Affairs says action taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.