ബഹ്‌റൈൻ-യു.എ.ഇ സംയുക്ത സൈനികാഭ്യാസത്തിൽനിന്ന്

പ്രൗഢമായി ബഹ്‌റൈൻ-യു.എ.ഇ സംയുക്ത സൈനികാഭ്യാസം

മനാമ: ബഹ്‌റൈനും യു.എ.ഇയും തമ്മിൽ സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ച് ബഹ്റൈൻ. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളായ സായുധ സേനയുടെ പരമോന്നത കമാൻഡർമാരായ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും യു.എ.ഇ പ്രസിഡന്റും യു.എ.ഇ സായുധ സേനയുടെ പരമോന്നത കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്​യാനും ചേർന്നാണ് കഴിഞ്ഞ ദിവസം അഭ്യാസപ്രകടനങ്ങൾ വീക്ഷിക്കുകയും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും മനസ്സിലാക്കുകയും ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഊട്ടി‍യുറപ്പിക്കുന്നതായിരുന്നു സൈനികാഭ്യാസം.

യു.എ.ഇ പ്രസിഡൻഷ്യൽ ഗാർഡിലെ ഹമദ് ബിൻ ഈസ എയർബോൺ ബ്രിഗേഡ് വിഭാഗവും ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) റോയൽ ഗാർഡിലെ തത്തുല്യ സൈനിക വിഭാഗവുമാണ് അഭ്യാസത്തിൽ പങ്കെടുത്തത്. സായുധ സേനാംഗങ്ങളുടെ പ്രൊഫഷണലിസത്തെയും അർപ്പണബോധത്തെയും ഇരു നേതാക്കളും അഭിനന്ദിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്​യാന് ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളെ പിന്തുണയ്ക്കുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച്, ഒരു റോയൽ ബഹ്‌റൈനി എയർഫോഴ്‌സ് സൈനിക വ്യോമസേനാ യൂനിറ്റിന് 'മുഹമ്മദ് ബിൻ സായിദ് സ്ക്വാഡ്രൺ' എന്ന് പേര് നൽകാൻ ബഹ്‌റൈൻ രാജാവ് ഉത്തരവിട്ടു.

ബഹ്‌റൈൻ-യു.എ.ഇ സംയുക്ത സൈനികാഭ്യാസം വീക്ഷിക്കുന്ന ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾ 

ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്​യാൻ ഹമദ് രാജാവിനോട് നന്ദി അറിയിക്കുകയും, ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ ശക്തമായ ചരിത്രബന്ധത്തെ പ്രതിഫലിക്കുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്തു. യു.എ.ഇ പ്രസിഡൻഷ്യൽ ഗാർഡിലെ ഹമദ് ബിൻ ഈസ എയർബോൺ ബ്രിഗേഡിലെ മേജർ ജനറൽ അലി സൈഫ് അൽ കാബി, മേജർ ജനറൽ അവാധ് സയീദ് അൽ അഹ്ബാബി, ബ്രിഗേഡിയർ ജനറൽ യാഖൂബ് യൂസഫ് അൽ അലി, ബ്രിഗേഡിയർ ജനറൽ അഹമ്മദ് അലി അൽ ഷെഹി, ബ്രിഗേഡിയർ ജനറൽ സയീദ് ഖമീസ് അൽ യമാഹി എന്നിവരുൾപ്പെടെയുള്ള നിരവധി പങ്കെടുത്തവർക്ക് രാജാവ് മെഡൽ ഓഫ് എഫിഷ്യൻസി നൽകി ആദരിച്ചു.

ബഹ്‌റൈൻ പ്രതിരോധ സേനാ കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, അഭ്യാസത്തിന്റെ ഡയറക്ടർ, ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് നേതാക്കളെ സ്വീകരിച്ചത്. ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് യു.എ.ഇ പ്രസിഡന്റിന് സ്മരണാർത്ഥമുള്ള സമ്മാനങ്ങൾ നൽകി. 'മുഹമ്മദ് ബിൻ സായിദ് സ്ക്വാഡ്രൺ' വിമാനങ്ങൾ അഭിവാദ്യം അർപ്പിച്ച് പറന്നുയർന്ന ശേഷം നടന്ന കമ്മമറേറ്റീവ് ഫോട്ടോ സെഷനോടെ അഭ്യാസം അവസാനിച്ചു. യു.എ.ഇ നേതാവിനെ ആദരിച്ചുകൊണ്ട് സഖീർ പാലസിൽ ഹമദ് രാജാവ് ഒരു ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. തുടർന്ന് യു.എ.ഇ പ്രസിഡന്റിന് യാത്രയയപ്പ് നൽകുകയും ചെയ്തു.

Tags:    
News Summary - Bahrain-UAE joint military exercise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.