സ്മാർട്ട് ഗതാഗത സംവിധാനത്തിലേക്ക് ബഹ്‌റൈൻ; നഗരവത്കരണത്തിന് കരുത്തേകാൻ പുതിയ തന്ത്രം

മനാമ: അതിവേഗത്തിലുള്ള നഗരവൽക്കരണത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും പശ്ചാത്തലത്തിൽ, ബഹ്‌റൈനിലെ കരഗതാഗത സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള സമഗ്രമായ നവീകരണ നടപടികൾക്ക് രാജ്യം തുടക്കമിടുന്നു. ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യക്ഷമത വർധിപ്പിക്കുക, യാത്രാ സൗകര്യം മെച്ചപ്പെടുത്തുക, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവയാണ് ഈ ബൃഹദ് പദ്ധതിയുടെ ലക്ഷ്യം.

പൊതുഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനാണ് പുതിയ പദ്ധതിയിൽ മുൻഗണന നൽകുന്നത്. നിലവിലെ ബസ് ശൃംഖലയെ അടിമുടി പരിഷ്കരിക്കാനും, പാർപ്പിട-വാണിജ്യ-വിനോദസഞ്ചാര മേഖലകളെ ബന്ധിപ്പിച്ച് റൂട്ടുകൾ വിപുലീകരിക്കാനും അധികൃതർ പദ്ധതിയിടുന്നു. ഇത് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

ടാക്സി സേവനങ്ങളുടെ ആധുനികവൽക്കരണവും ഈ തന്ത്രത്തിന്റെ ഭാഗമാണ്. പരമ്പരാഗത ടാക്സി സംവിധാനങ്ങളും സ്മാർട്ട് ആപ്പുകളും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പുവരുത്തി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. കൂടാതെ, ചരക്ക് ഗതാഗതത്തിനായുള്ള ഭാരവാഹനങ്ങളുടെ നീക്കം ക്രമീകരിക്കുന്നതിനും, ഭാവി വികസനത്തിന് അനുയോജ്യമായ രീതിയിൽ പുതിയ നിയമനിർമ്മാണങ്ങൾ കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.

വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് കാര്യക്ഷമമായ ഗതാഗത സംവിധാനം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് ബഹ്‌റൈൻ ഈ ദീർഘവീക്ഷണത്തോടെയുള്ള തന്ത്രം ആവിഷ്കരിക്കുന്നത്. വിമാനത്താവളം, തുറമുഖം, ഹോട്ടലുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയെ സ്മാർട്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒന്നിപ്പിച്ച്, സുസ്ഥിരമായ ഒരു ഗതാഗത ശൃംഖല കെട്ടിപ്പടുക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

Tags:    
News Summary - Bahrain to move towards smart transportation system; New strategy to strengthen urbanization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.