നിയമലംഘനം: 450 ഇലക്ട്രിക് സൈക്കിളുകളും സ്കൂട്ടറുകളും പിടിച്ചെടുത്തു

മനാമ: ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ അശ്രദ്ധമായ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനുമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായി 450 ഇലക്ട്രിക് സൈക്കിളുകളും സ്കൂട്ടറുകളും പിടിച്ചെടുത്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ വ്യക്തമായ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. ഇലക്ട്രിക് സൈക്കിളുകളും സ്കൂട്ടറുകളും പ്രധാന ഹൈവേകളിൽ ഓടിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. ഇവയുടെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, ഏഴ് വയസ്സിന് താഴെയുള്ള കുട്ടികൾ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ പാടില്ല. കുട്ടികൾ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്.

നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾക്ക് 50 ദിനാർ മുതൽ 100 ദിനാർ വരെ പിഴ ഈടാക്കും. കോടതി വിധി വന്ന് ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ ഇരട്ടി തുക പിഴയൊടുക്കേണ്ടിവരും. നിയമവിരുദ്ധമായി ഉപയോഗിച്ച വാഹനങ്ങൾ 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യാം.

നിശ്ചിത പ്രായപരിധിയിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം വാഹനങ്ങൾ ഓടിക്കാൻ അനുവാദം നൽകുന്ന രക്ഷിതാക്കൾക്ക് ആറ് മാസം വരെ തടവോ, 100 ദിനാർ മുതൽ 500 ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാവുന്നതാണ്. ഇലക്ട്രിക് സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും അശ്രദ്ധമായ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തണമെന്നും, അവരെ കൃത്യമായി നിരീക്ഷിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.

Tags:    
News Summary - Violation of law 450 electric bicycles and scooters seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.