മനാമ: ലൈസൻസില്ലാതെ സാമ്പത്തിക, ബാങ്കിങ്, ഇൻഷുറൻസ്, ബ്രോക്കറേജ് സേവനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകാൻ ലക്ഷ്യമിട്ടുള്ള പുതിയ കരട് നിയമം ബഹ്റൈൻ സർക്കാർ നിയമനിർമാണ സഭക്ക് കൈമാറി. നേരത്തേ, ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് പിഴ മാത്രമായിരുന്നു ശിക്ഷ.
എന്നാൽ, പുതിയ നിയമം ജയിൽശിക്ഷകൂടി ഉൾപ്പെടുത്താൻ നിർദേശിക്കുന്നു. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (സി.ബി.ബി)യുടെ ലൈസൻസില്ലാതെ സാമ്പത്തികസേവനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് ജയിൽശിക്ഷയോ അല്ലെങ്കിൽ 10 ലക്ഷം ബഹ്റൈൻ ദിനാറിൽ കവിയാത്ത പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താൻ ഈ കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ ‘ബാങ്ക്’ എന്ന വാക്കോ, അതിന് സമാനമായ വാക്കുകളോ തങ്ങളുടെ വ്യാപാര നാമങ്ങളിലോ വിലാസങ്ങളിലോ ഇൻവോയ്സുകളിലോ ഉപയോഗിക്കുന്നത് ഈ നിയമം കർശനമായി വിലക്കുന്നു.
ഇൻഷുറൻസ്, റീ-ഇൻഷുറൻസ് ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അത്തരം സേവനങ്ങൾ നൽകുന്നുവെന്ന് തോന്നിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കാനും പാടില്ല. ‘ഇൻഷുറൻസ് വിദഗ്ധർ, ബ്രോക്കർമാർ’ എന്ന രജിസ്റ്ററിൽ പേരുള്ളവർക്ക് മാത്രമേ ആ പദവികൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ.
ലൈസൻസില്ലാത്ത സ്ഥാപനങ്ങളെ നിയന്ത്രിക്കാനായി കൂടുതൽ നിയമങ്ങൾ നിർമിക്കാൻ പുതിയ കരട് നിയമം സി.ബി.ബിക്ക് അധികാരം നൽകുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അനധികൃതമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്താനും ഇതോടെ എളുപ്പമാകും.
ഈ നിയമനിർമാണത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക, ബാങ്കിങ് മേഖലയുടെ മേൽനോട്ടം ശക്തിപ്പെടുത്താനും ഉപഭോക്താക്കളെ അനധികൃതവും വഞ്ചനാപരവുമായ ഇടപാടുകളിൽ നിന്ന് സംരക്ഷിക്കാനും സാധിക്കുമെന്ന് സർക്കാർ അറിയിച്ചു. ബഹ്റൈൻ ഒരു വിശ്വസ്ത പ്രാദേശിക സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ അതിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.